തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 8,500. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയ നഗരം കൊല്ലവും. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് (എന്‍സിആര്‍ബി) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ആത്മഹത്യാ നിരക്കില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ലക്ഷത്തില്‍ 24 പേരെന്നതാണ് സംസ്ഥാനത്തിന്റെ നിരക്ക്. കോവിഡ് വ്യാപനം മൂലം സാധാരണക്കാരുടെ ജീവിതം അപ്പാടെ തകിടം മറിഞ്ഞതാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ആത്മഹത്യ നിരക്ക് ഇത്രത്തോളം ഉയരാന്‍ കാരണമെന്നാണ് നിഗമനം. കേരളത്തില്‍ ആത്മഹത്യ ചെയ്തവരില്‍ 6,570 പേരും പുരുഷന്മാരാണ്. ബാക്കി 1,930 പേര് സ്ത്രീകളും. 2019ല്‍ കൊല്ലം നഗരത്തിലെ ആത്മഹത്യകളുടെ എണ്ണം 457 ആയിരുന്നു. 2020ല്‍ അത് 488 ആയി ഉയര്‍ന്നു. കൊല്ലം ജില്ലയിലെ ആത്മഹത്യ നിരക്ക് 44 ആണ്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരില്‍ 1,769 പേരും തൊഴിലില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞതില്‍ 2,496 ദിവസ വേതനക്കാരും, 893 പേര് സ്വയം തൊഴില്‍ ചെയ്യുന്നവരും, 448 പേര് ചെറുകിട വ്യവസായികളും 796 പേര് കര്‍ഷകരുമാണ്.
593 സ്വകാര്യ മേഖലാ ജീവനക്കാരും 908 വീട്ടമ്മമാരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സ്ഥിരവരുമാനമുള്ളവരുടെ കാര്യവും വിഭിന്നമല്ല. ഇത്തരത്തില്‍ 803 പേരാണ് ആത്മഹത്യ ചെയ്തത്. 70 പേര് സര്‍ക്കാര്‍ ജീവനക്കാരും 468 പേര് വിദ്യാര്‍ത്ഥികളുമാണ്.
ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ക്കും കാരണമായത് കുടുംബ പ്രശ്നങ്ങളാണെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ജീവിതം അവസാനിപ്പിച്ചത് 3575 പേരാണ്. ഇതു കൂടാതെ വിവിധ ശാരീരിക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നതിനാല്‍ 1,933 പേര് ആത്മഹത്യ തിരഞ്ഞെടുത്തപ്പോള്‍, മാനസിക ബുദ്ധിമുട്ടുകള്‍ കാരണം 997 പേരും നീണ്ടു നില്കുന്ന രോഗങ്ങള്‍ കാരണം 688 പേരുമാണ് ജീവനൊടുക്കിയത്.
കടബാധ്യത കാരണം 180 പേരും, തൊഴിലില്ലായ്മ കാരണം 122 പേരും, പ്രണയ വിഷയങ്ങള്‍ കാരണം 238 പേരുമാണ് ജീവിതം അവസാനിപ്പിച്ചത്. മയക്കുമരുന്നു ദുരുപയോഗത്താല്‍ ജീവിതം അവസാനിപ്പിച്ചത് 692 പേരാണ്.
ജീവിതം ദുസ്സഹമായി കണ്ട് മരമണം തിരഞ്ഞെടുത്തവരില്‍ 5,116 പേരുടെയും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണ്. 3,074 പേര് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരുമായിരുന്നു. 302 പേര്‍ക്ക് അഞ്ചു ലക്ഷത്തിനു മുകളിലാണ് വരുമാനം.ഈ പട്ടികയിലുള്ളവരില്‍ 3,150 പേര് പത്താം ക്ലാസ് വരെ പഠിച്ചവരും, 1,603 പേര് പന്ത്രണ്ടാം ക്ലാസ്സു വരെ പഠിച്ചവരുമാണ്. 262 പേര്‍ക്ക് ബിരുദവും 34 പേര്‍ക്ക് തൊഴിലധിഷ്ടിത ബിരുദവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: