പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും ഇരട്ട സഹോദരികളായ ശ്രേയ, ശ്രേജ എന്നിവരെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുന്നു. എഎസ്എം സഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇവരെ കഴിഞ്ഞ ബുധനാഴ്ച ( നവംബര്‍ 3) മുതല്‍ കാണാതാകുന്നത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്സല് മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ നാടുവിട്ടത്. ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിച്ചിട്ടുണ്ട്.
തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര്‍ സ്വകാര്യമായി മൊബൈല്‍ഫോണ്‍ കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
ഫോണ്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ എവിടെയെന്ന് കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, കുട്ടികള്‍ ബുധനാഴ്ച വൈകീട്ട് തമിഴ്നാട്ടിലേക്കുള്ള ബസില്‍ കുട്ടികള്‍ കയറിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ആലത്തൂര്‍ പോലീസ് വ്യക്തമാക്കി. കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയുടെ തിരോധാനത്തിന് രണ്ടുമാസം പിന്നിടവെയാണ് 14 വയസ്സുള്ള ഇരട്ട സഹോദരിമാരെ കാണാതാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: