അദൈ്വതാചാര്യനായ ശങ്കര ഭഗവദ് പാദര്‍ സമാധിയായ കേദാര്‍നാഥില്‍ ആചാര്യന്റെ പുതിയ പ്രതിമ സ്ഥാപിക്കപ്പെട്ടത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ചൈതന്യപൂര്‍ണമായ ഒരു മുഹൂര്‍ത്തത്തെ കുറിക്കുന്നു. രണ്ടായിരത്തി പതിമൂന്നിലെ മഹാപ്രളയത്തില്‍ കേദാര്‍നാഥ് ക്ഷേത്രത്തിന് സംഭവിച്ച കേടുപാടുകള്‍ തീര്‍ത്ത് പുതിയ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതിനൊപ്പമാണ് ആചാര്യന്റെ പ്രതിമയും അനാച്ഛാദനം ചെയ്യപ്പെട്ടത്. മുഴുവന്‍ ഭാരതീയരുടെയും പ്രത്യേകിച്ച് മലയാളികളുടെ അഭിമാനം ആകാശത്തോളം ഉയര്‍ത്തുന്ന നടപടിയാണിത്. പ്രധാനമന്ത്രിയായ ശേഷം നാലാമത്തെ തവണയാണ് നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നത്. ഇങ്ങനെ ചെയ്ത മറ്റൊരു പ്രധാനമന്ത്രിയേയും രാജ്യം കണ്ടിട്ടില്ല. ഓരോ സന്ദര്‍ശനകാലത്തും മോദിയുടെ രാഷ്ട്രീയ പ്രതിയോഗികള്‍ വിവാദങ്ങളുയര്‍ത്താറുണ്ടെങ്കിലും ഭാരതത്തിന്റെ സംസ്കാരത്തിലും ആത്മീയ പാരമ്പര്യത്തിലും ആചാര്യശ്രേഷ്ഠന്മാരിലും തനിക്കുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ വിളംബരമായി ഈ സന്ദര്‍ശനങ്ങള്‍ മാറുകയാണ് പതിവ്. ഭാരതീയ സംസ്കൃതിയോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമായാണ് പ്രധാനമന്ത്രി ഈ പുണ്യസങ്കേതത്തിലെ സന്ദര്‍ശനങ്ങളെ കാണുന്നത്. കേദാറിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന അത്യുജ്ജ്വലമായ ഒന്നായിരുന്നു. ഉറങ്ങിക്കിടന്ന ഒരു നാഗരികതയെ തന്റെ അദൈ്വത ദര്‍ശനത്തിലൂടെയും ആത്മീയ സന്ദേശത്തിലൂടെയും വിളിച്ചുണര്‍ത്താന്‍ അക്ഷീണം പ്രയത്നിക്കുകയായിരുന്നു ആദിശങ്കരനെന്നാണ് മോദി പറഞ്ഞത്. ജാതിഭേദങ്ങള്‍ മറന്ന്, മറ്റുതരത്തിലുള്ള വിഭാഗീയതകള്‍ മറികടന്നും ആത്മസാക്ഷാത്കാരത്തിലൂടെ മഹത്വമാര്‍ജിക്കാനാണ് ആചാര്യന് ആഹ്വാനം ചെയ്തത്. ”നമേ മൃത്യു ശങ്ക, നമേ ജാതി ഭേദാ ചിദാനന്ദരൂപ ശിവോഹം ശിവോഹം” എന്ന ആചാര്യവചനം ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസംഗം.
മറ്റ് പല പ്രതിമകളില്‍നിന്നും വ്യത്യസ്തമായി സൗന്ദര്യവും ആത്മീയ ചൈതന്യവും വഴിഞ്ഞൊഴുകുന്ന ശങ്കര പ്രതിമയാണ് കേദാര്‍നാഥില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മൈസൂരിലെ അരുണ്‍ യോഗിരാജ് എന്ന യുവ ശില്പിയാണ് കൃഷ്ണശിലയില്‍ ഈ പ്രതിമ നിര്‍മിച്ചത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ശില്പിയെ തെരഞ്ഞെടുത്തത്. പലരും പ്രതിമയുടെ മാതൃക അയച്ചു കൊടുത്തെങ്കിലും അരുണിന്റേത് സ്വീകരിക്കുകയായിരുന്നു. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഈ പ്രതിമ അരുണ്‍ യോഗിരാജിനെ സംബന്ധിച്ചിടത്തോളം ഒരു നിയോഗമായിരുന്നു. എംബിഎ ബിരുദധാരിയായ യോഗിരാജ് കുറെക്കാലം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയെങ്കിലും പാരമ്പര്യമായി ചെയ്തുപോരുന്ന ശില്പവേലയിലേക്ക് മടങ്ങാന്‍ അന്തര്‍പ്രേരണയുണ്ടായി. ഒരുനാള്‍ മകന് ശില്പവേലയിലേക്ക് മടങ്ങുമെന്ന് ശില്പിയായ അച്ഛന്റെ പ്രവചനം ഉണ്ടായിരുന്നു. കാലടി ഉള്‍പ്പെടെ ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് ആചാര്യനെക്കുറിച്ച് പഠിച്ച ശേഷമാണ് അരുണ്‍ ശില്പ നിര്‍മാണത്തിന് തുടക്കംകുറിച്ചത്. മൈസൂരിലെ എച്ച്ഡി കോട്ടയില്‍നിന്ന് ഇതിനുള്ള കൃഷ്ണശില കണ്ടെത്തി. മകന്റെ സര്‍ഗവൈഭവത്തില്‍ വിരിഞ്ഞ പ്രതിമ കേദാര്‍നാഥില്‍ സ്ഥാപിക്കുന്നത് കാണാന്‍ അച്ഛന് ജീവിച്ചിരുന്നില്ലെങ്കിലും അത് പൂര്‍ത്തിയായി കണ്ടശേഷമാണ് ഇഹലോകവാസം വെടിഞ്ഞത്. ഇത്ര ചെറുപ്രായത്തില്‍ ഇങ്ങനെയൊരു പ്രതിമ നിര്‍മിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതസാഫല്യമായാണ് അരുണ്‍ കരുതുന്നത്. ഒന്നരവര്‍ഷത്തോളം എടുത്താണ് പന്ത്രണ്ട് അടി ഉയരമുള്ള പ്രതിമ പൂര്‍ത്തിയാക്കിയത്. മൈസൂരിലെ സരസ്വതീപുരം പണിശാലയില്‍നിന്നും മുപ്പത്തിയഞ്ച് ടണ്‍ ഭാരമുള്ള പ്രതിമ റോഡ് മാര്‍ഗം കേദാര്‍നാഥില്‍ എത്തിക്കുകയായിരുന്നു. ഏതുതരം കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള ശിലയിലാണ് പ്രതിമ നിര്‍മിച്ചിട്ടുള്ളത്.
അഖണ്ഡഭാരതത്തിന്റെ ശില്പി എന്നുപോലും ആദിശങ്കരനെ വിശേഷിപ്പിക്കാവുന്നതാണ്. ആധുനിക ലോകത്തെ യാത്രാ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത്, അങ്ങനെയെന്തെങ്കിലും സങ്കല്പിക്കാന്പോലും കഴിയാതിരുന്നപ്പോള്‍ കാലടിയില്‍നിന്ന് കാല്‍നടയായി ഭാരതമെമ്പാടും സഞ്ചരിക്കുകയും, ചതുര്‍ധാമങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത് അദൈ്വത വേദാന്തത്തിലൂടെ ആധുനിക ഹിന്ദുത്വത്തിന് രൂപംനല്കിയതും ആചാര്യനാണ്. ശങ്കരനെപ്പോലെ ആത്മീയ ഔന്നത്യം നേടുകയും സര്‍വ്വജ്ഞപീഠമേറുകയും മോക്ഷപ്രാപ്തി കൈവരിക്കുകയും ചെയ്ത മറ്റൊരു ഭാരതീയനില്ല. ലോകത്തുപോലും അങ്ങനെയൊരാളില്ലെന്നാണ് പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുകാലത്ത് ശങ്കരന്റെ ദര്‍ശനങ്ങളെ എതിര്‍ത്തിരുന്നവര്‍ക്കും പില്ക്കാലത്ത് അത് അംഗീകരിക്കേണ്ടിവന്നു. ആദിശങ്കരനെ ജാതീയതയുടെ വക്താവായി കണ്ടിരുന്നയാളായിരുന്നു ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട്. ഇതേ ഇഎംഎസ് മുന്‍കയ്യെടുത്ത് ആദിശങ്കരന്റെ ആയിരത്തിയിരുന്നൂറാം ജന്മദിനം കാലടിയില്‍ ആഘോഷിച്ചത് ഒരു പ്രായശ്ചിത്തമായിരുന്നു. ഭാരതത്തിന്റെ ഹൈന്ദവമായ ആത്മീയ പൈതൃകം അതിന്റെ പൂര്‍ണമഹത്വത്തിലേക്ക് ഉയരുന്നതിന്റെ ലക്ഷണമായി വേണം കേദാര്‍നാഥിലെ ശങ്കര പ്രതിമാ സ്ഥാപനത്തെ കാണാന്‍. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിച്ചതാണ് ഈ പരമ്പരയുടെ തുടക്കം. ഗുജറാത്തിലെ നര്‍മദയുടെ തീരത്ത് യഥാര്‍ത്ഥ രാഷ്ട്രശില്പി ഉരുക്കു മനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത് മറ്റൊരു നാഴികക്കല്ലായിരുന്നു. അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രവും ഹിന്ദുധര്‍മത്തിന്റെ പൗരാണിക മഹത്വത്തെയാണ് വിളിച്ചോതുന്നത്. കേദാര്‍നാഥില്‍ ശങ്കര പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം ആചാര്യന്റെ ജന്മനാടായ കാലടിയിലും കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടികള്‍ നടന്നത് അത്യന്തം ആഹ്ലാദകരമാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണമെന്ന നെടുനാളത്തെ ആവശ്യത്തിന്മേല് അധികൃതര്‍ അനുകൂലമായ തീരുമാനമെടുക്കേണ്ട അവസരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: