ത്രിപുരയില്‍ നടന്ന വര്‍ഗീയ കലാപ ശ്രമം പരാജയപ്പെട്ടത് പലരും ശ്രദ്ധിക്കാതെ പോയി എന്ന് തോന്നുന്നു. അത് ആ സംസ്ഥാനത്തെ മാത്രം ലക്ഷ്യമാക്കിയുള്ള പടപ്പുറപ്പാടായിരുന്നു എന്ന് കരുതിക്കൂടാ. വടക്കന്‍ ത്രിപുരയിലെ പനിസാഗറില്‍ മുസ്ലിം പള്ളിക്ക് ഹിന്ദുക്കള്‍ തീയിട്ടുവെന്നും മുസ്ലിങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്നുമുള്ള വ്യാജ വാര്‍ത്തയാണ് ഒരു കൂട്ടര് പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ആസൂത്രിത പദ്ധതി. സ്വാഭാവികമാണ്, ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നവര്‍ കലാപത്തിനുള്ള ഒരുക്കങ്ങളും നടത്തിയിരിക്കുമല്ലോ. കള്ളവാര്‍ത്തക്കൊപ്പം അക്രമവും കൊള്ളിവെയ്പ്പും തുടങ്ങി. ഹിന്ദുക്കളും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ളവയും ആക്രമിക്കപ്പെട്ടു.
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍ ഇന്നിപ്പോള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കരുതുന്ന വലിയൊരു കൂട്ടം ഇവിടെയുണ്ട്, പ്രത്യേകിച്ചും പ്രതിപക്ഷ നിരയില്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ അത് കണ്ടതാണ്. അവിടെത്തന്നെ മറ്റുചില ശ്രമങ്ങള്‍ നടന്നിരുന്നു. മുമ്പ് സിഎഎ സമരകാലത്ത് കിഴക്കന്‍ ദല്‍ഹിയില്‍ അവര്‍ ചെയ്തതും സമാനമായ കൃത്യമാണ്. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ കുത്സിത നീക്കം. അന്ന് ഒരു മുസ്ലിം പള്ളി കത്തിച്ചു എന്ന് കള്ളപ്രചാരണം അഴിച്ചുവിട്ടു. അതില്‍ മലയാളി മാധ്യമങ്ങള്‍ വഹിച്ച പങ്കും ചെറുതല്ല. ഹരിയാനയില്‍ പൊതുനിരത്തില്‍ നമാസ് അര്പ്പിക്കാനെന്നു പറഞ്ഞാണ് സംഘര്‍ഷമുണ്ടാക്കുന്നത്. മഹാരാഷ്ട്രയിലേക്ക് കടന്നാല്‍ മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്നവരെ മതവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയ നേട്ടത്തിന് സംസ്ഥാന മന്ത്രിമാരടക്കം ശ്രമിക്കുന്നു. ബെംഗളൂരുവിലും മംഗലാപുരത്തുമൊക്കെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ കലാപത്തിന്റെ പിന്നാമ്പുറത്തും നാം അതൊക്കെയാണ് കണ്ടത്. നിയമം നിയമത്തിന്റെ വഴിയിലൂടെ നടന്നു നീങ്ങുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. ത്രിപുരയില്‍ അടുത്തിടെ നടന്ന വ്യാജ പ്രചാരണം, കിഴക്കന്‍ ദല്‍ഹിയിലേതിന് സമാനമായിരുന്നു.
ത്രിപുരയില്‍ യഥാര്‍ത്ഥത്തില്‍ ഒരു മുസ്ലിം പള്ളിയും ആക്രമിക്കപ്പെട്ടിരുന്നില്ല; ഒരു മുസ്ലിമും ആക്രമണത്തിന് വിധേയമായിരുന്നില്ല. സംഘര്‍ഷമേ ഉണ്ടായില്ല എന്നര്‍ത്ഥം. അപ്പോഴാണ് വലിയ പ്രചാരണം ഉടലെടുത്തത്. അതൊക്കെ ത്രിപുരയില്‍ മാത്രം ഒതുങ്ങി നിന്നില്ല. മിനിട്ടുകള്‍ക്കകം രാജ്യത്തിന്റെയല്ല, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ കള്ളത്തരം പ്രചരിപ്പിച്ചു. ഒരു കലാപമുണ്ടാവാന്‍, സംഘര്‍ഷമുണ്ടാവാന്‍ വേറെന്ത് വേണം?
കലാപകാരികള്‍ക്ക് അതൊക്കെ പതിവാകാം. ജിഹാദി-കമ്മ്യൂണിസ്റ്റ് മനസ്സുള്ള മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അതിനൊക്കെ പിന്തുണ കൊടുക്കാറുമുണ്ട്. എന്നാല്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാര്‍ അത്തരം കുപ്രചാരണങ്ങളെ പരസ്യമായി പിന്തുണച്ചാലോ?. ചില മൂന്നാംകിട രാഷ്ട്രീയക്കാര്‍ ഇതിനൊക്കെ മുതിരാറുണ്ട്. ഇതിന്റെയെല്ലാം കൂടെ രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ അണിനിരന്നാലോ? ത്രിപുരയിലെ വ്യാജവാര്‍ത്തയെ ന്യായീകരിക്കാന്‍, അത് പ്രചരിപ്പിക്കാന്‍ ട്വീറ്റുമായി രാഹുല്‍ രംഗത്തുവന്നു. കൂടെ മറ്റു ചില ബിജെപി വിരുദ്ധ രാഷ്ട്രീയക്കാരും. ഇതാണ് ഈ കലാപത്തിന് പിന്നിലെ ആസൂത്രണവും രാഷ്ട്രീയവും. യഥാര്‍ത്ഥത്തില്‍ അവിടെ ഒരു പള്ളിയും ആക്രമിക്കപ്പെട്ടില്ല. പിന്നെങ്ങനെ രാഹുലിന് ആ വിവരം കിട്ടി?. എന്തിന് അദ്ദേഹം അത് ഏറ്റുപിടിച്ചു? സാധാരണ നിലയ്ക്ക് അത്തരമൊരു സംഭവമുണ്ടായാല്‍ തന്നെ മനസ്സാന്നിധ്യം കാണിക്കേണ്ടവരല്ലേ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍. ത്രിപുര പോലീസ് വേണ്ടവിധം ഇടപെട്ടതിനാല്‍ എല്ലാം നിയന്ത്രണവിധേയമായി. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തിയവര്‍ക്കെതിരെ നടപടിയും തുടങ്ങി. അതുമാത്രമല്ല, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് കരുതേണ്ടത്.
അവിടെ കുഴപ്പമുണ്ടാക്കിയവരെ ത്രിപുര പോലീസ് തിരിച്ചറിഞ്ഞു. കള്ള പ്രചാരണം നടത്തിയ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ കണ്ടെത്തി; അതില്‍ ബഹുഭൂരിപക്ഷവും വ്യാജമായിരുന്നുവെങ്കിലും ഉപയോഗിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതായത് കലാപമുണ്ടാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരുന്നു എന്നര്‍ത്ഥം. കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ യുഎപിഎ തന്നെയാണ് ചുമത്തിയത്. ഈ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്വിറ്ററിന്, പോലീസ് ഔദ്യോഗികമായി കത്തും നല്‍കിക്കഴിഞ്ഞു. ട്വിറ്ററിന് നടപടി എടുക്കേണ്ടിവരും; അല്ലെങ്കില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കുമെന്ന് വ്യക്തം. അതാണിപ്പോഴത്തെ നിയമവ്യവസ്ഥ. നേരത്തെ സൂചിപ്പിച്ചത് പോലെ യുഎപിഎ പ്രകാരമുള്ള നടപടികള്‍ തുടങ്ങുകയും ചെയ്യും. പ്രതിചേര്‍ക്കപ്പെട്ടവരില്‍ മാധ്യമ പ്രവര്‍ത്തകരുമുണ്ട്. അവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല, എന്നാല്‍ സമഗ്രമായി അന്വേഷിച്ചതിന് ശേഷം ആവശ്യമായ നടപടിയുണ്ടാവുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ത്രിപുരയില്‍ ഉടനെയൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്ല. എന്നാല്‍ ഏഴ് നഗരസഭകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്. അത് ലക്ഷ്യമാക്കിയാണോ ഈ കലാപ ശ്രമം എന്ന് പറഞ്ഞുകൂടാ. സിപിഎമ്മിന്റെ പ്രസ്താവന സൂക്ഷ്മമായി വായിച്ചാല്‍ അങ്ങനെ തോന്നും. എന്നാല്‍ അവര്‍ക്ക് പോലും സമ്മതിക്കേണ്ടിവരുന്നുണ്ട്, ചില പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ ഇത്തരം കേസില്‍ പെട്ടിട്ടുണ്ട് എന്ന്. ത്രിപുരയിലെ ജനസംഖ്യയില്‍ വെറും എട്ട് ശതമാനമാണ് മുസ്ലിങ്ങള്‍. അതും ബംഗ്ലാദേശ് അതിര്‍ത്തി ജില്ലകളില്‍. പത്ത് ശതമാനത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള ജില്ലകള്‍ മൂന്നെണ്ണം. സിപാഹിജാല- 24.74%; ഉനകോടി- 17%; നോര്‍ത്ത് ത്രിപുര- 14.28%. മറ്റു പല ജില്ലകളിലും അവര്‍ നാമമാത്രമാണ്. അതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവും അവര്‍ക്കവിടെയില്ല. പിന്നെയുള്ളത് ക്രൈസ്തവ സമൂഹമാണ്; അവര്‍ ഏതാണ്ട് നാല് ശതമാനത്തോളമുണ്ട്. അവര്‍ എന്തായാലും ഇസ്ലാമിക-ജിഹാദി സമൂഹത്തിനൊപ്പം അണിനിരക്കാറില്ല. സിപിഎമ്മിനൊപ്പവും ഇന്നിപ്പോള്‍ അവരില്ല. മുസ്ലിം വികാരമുണര്‍ത്തിയത് കൊണ്ട് ത്രിപുരയില്‍ അവര്‍ക്ക് ഒന്നും നേടാനാവില്ല. പിന്നെയെന്തിന് ഈ കലാപ ശ്രമങ്ങള്‍? അതാണ് വ്യക്തമാവാത്തത്. ഊഹിക്കേണ്ടത്, ഇത് നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്ത്തിപ്പെടുത്താനാവണം. ജി 20 ഉച്ചകോടിയൊക്കെ നടക്കാനിരിക്കെ മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇത് സഹായിക്കുമെന്ന് ചിലര്‍ കരുതിയോ ആവോ. മറ്റൊന്ന് യുപിയിലെ തെരഞ്ഞെടുപ്പാണ്.
തെരഞ്ഞെടുപ്പാവുമ്പോഴാണ് എന്തുമാവാമെന്ന ഇത്തരം ചിന്ത സാധാരണ നിലയ്ക്ക് പ്രതിപക്ഷത്തുണ്ടാവുന്നത്. അതാണ് ചരിത്രം; മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓരോ പ്രധാന തിരഞ്ഞെടുപ്പിന് മുന്‍പും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അവരവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ല, ബിജെപി ഭരിക്കുന്നിടത്താണ് ഇത്തരം ശ്രമങ്ങള്‍ നടന്നത്. പലതവണ അത് നാം കണ്ടു. ശക്തമായ നടപടികള്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ചപ്പോള്‍ ആ ശൈലിക്ക് കുറവുണ്ടായിട്ടുണ്ട്. പക്ഷെ, അത് ഇനിയും അവസാനിപ്പിച്ചിട്ടില്ല.
ഇപ്പോള്‍ എല്ലാവരെയും അലട്ടുന്നത്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പാണ്. അവിടെ ബിജെപി വിരുദ്ധ ശക്തികള്‍ അനവധി തട്ടിലാണ്. ഇവരെയൊക്കെ ഒരു തട്ടകത്തില്‍ എത്തിക്കാന്‍ പണിപ്പെട്ട പ്രശാന്ത് കിഷോറിനെപ്പോലുള്ളവര്‍ സുല്ലിട്ടു. കോണ്‍ഗ്രസ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാലേ സഖ്യമുണ്ടാവൂ എന്നതാണ് വസ്തുത. പക്ഷെ അവര്‍ അവിടെ തനിച്ചു മത്സരിക്കുകയാണ്. ഇതാണ് ഇന്നിതുവരെയുള്ള അവസ്ഥ; കോണ്‍ഗ്രസിനെ കൂടെ കൂട്ടിയിട്ട് കാര്യമില്ലെന്ന് സമാജ്വാദി പാര്‍ട്ടിയും മായാവതിയും കരുതുന്നു. കോണ്‍ഗ്രസിന്റെ സഖ്യസാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു. പഴയകാലത്ത് മുസ്ലിംവോട്ട് രാഷ്ട്രീയത്തിന് യുപിയില്‍ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ അവിടെപ്പോലും ഇസ്ലാമിക രാഷ്ട്രീയത്തിന് പഴയ പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല.
മുസ്ലിം കാര്‍ഡ് കളിച്ചാല്‍ ഒറ്റപ്പെടുമെന്ന ആശങ്കയുള്ളവരുമുണ്ട്. ഹിന്ദുത്വത്തെ അധിക്ഷേപിച്ചു നടന്നവര്‍ പോലും കാവി പുതച്ച് കുങ്കുമവും ഭസ്മവും ദേഹത്ത് വാരിപ്പൂശി ക്ഷേത്ര ദര്‍ശനം തുടങ്ങുകയായി. ഇന്നലെവരെ ഹിന്ദു സംന്യാസിമാരെ അധിക്ഷേപിച്ചവര്‍ സംന്യാസ മഠങ്ങളില്‍ കൈകൂപ്പി ചെല്ലുന്നു. ആജീവനാന്തം എത്തിര്‍ത്ത അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് വരെ ഹിന്ദുത്വത്തെ എതിര്ത്തവരെത്തുന്നു. കെജ്രിവാളും പ്രിയങ്ക വാദ്രയും അഖിലേഷ് യാദവന്മാരും കൂട്ടരും രാമജന്മഭൂമിയിലും കാശിയിലുമൊക്കെ കയറിയിറങ്ങുന്നു. അയോദ്ധ്യ കര്‍സേവകരെ നിര്‍ദാക്ഷണ്യം വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട മുലായം സിങ് യാദവിന്റെ പുത്രനാണല്ലോ അഖിലേഷ്. വാരാണസിയില്‍ സംസ്കൃതത്തിലുള്ള ശ്ലോകം എഴുതി വായിച്ചാണ് അഥവാ പ്രാര്ഥിച്ചുകൊണ്ടാണ് പ്രിയങ്ക വാദ്ര ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചത്. ഇതൊക്കെ ആത്മാര്‍ത്ഥതയോടെയാണെന്ന് ആരും പറയില്ല. പൊറാട്ട് നാടകങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. പലതും നമുക്ക് കാണേണ്ടിവരും. എന്നാല്‍ പ്രാര്‍ത്ഥനയും ഭക്തിയുമൊക്കെ ആര് ചെയ്താലും ആര് കാണിച്ചാലും അത്രത്തോളം നല്ലതാണ്. അതിനെ തള്ളിപ്പറയുന്നത് നമ്മുടെ സംസ്കാരമല്ലല്ലോ. പക്ഷെ, അതേകൂട്ടര്‍ മറ്റു ചിലയിടങ്ങളില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനായി ഇറങ്ങിപ്പുറപ്പെട്ടാലോ? ആ കൊടിയ കപട രാഷ്ട്രീയമാണ് രാജ്യത്തിന് അപകടകരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ത്രിപുരയിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ നല്ലൊരു ശതമാനം ബിജെപിയായി മാറി. ബംഗാളില്‍ ബിജെപിക്കൊപ്പം വന്ന മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ വിശ്വസ്തനായ സുദിപ് റോയ് ബര്മന് ആണ് അതിലൊരാള്‍. അവിടെ പിസിസി അധ്യക്ഷ സ്ഥാനമൊക്കെ വഹിച്ചയാളാണ് അദ്ദേഹം. മുകുള്‍ റോയ് വീണ്ടും മമതക്കൊപ്പം ചേര്‍ന്നപ്പോള്‍ സുദീപ് ബര്‍മ്മനും മനം മാറ്റം തുടങ്ങി. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ അദ്ദേഹം ശ്രമിച്ചതാണ്; പക്ഷെ ബിജെപി നേതൃത്വം തീരുമാനിച്ചത് ബിപ്ലവ് ദേബിനെയാണ്. എന്നാല്‍ ആരോഗ്യ മന്ത്രിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടിയിലും സര്‍ക്കാരിലും കുഴപ്പമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ സുദീപ് ബര്‍മ്മനെ മന്ത്രിസഭയില്‍ നിന്നുമൊഴിവാക്കി. പകരം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു രണ്ടുപേരെ മന്ത്രിമാരാക്കി. അതൊരു തന്ത്രപരമായ നീക്കമായിരുന്നു. യഥാര്‍ത്ഥത്തില്‍ വിമത നീക്കങ്ങള്‍ പൊളിക്കാന്‍ അന്ന് ബിജെപിക്കായി.
മമത ബാനര്‍ജി ത്രിപുരയില്‍ കാലെടുത്തുവയ്ക്കാന്‍ ശ്രമിച്ചത് ഈ വിമത നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ടായിരുന്നു. ഒന്നോ രണ്ടോ പേരെ മാത്രമാണ് പിന്നീട് മമതയ്ക്ക് കിട്ടിയത്. കാര്യങ്ങള്‍ വേണ്ടവിധം നിയന്ത്രിക്കാന്‍ ബിജെപിക്ക്, മുഖ്യമന്ത്രിക്ക് സാധിച്ചു. അപ്പോഴാണ് ‘അവസാനത്തെ അടവ്’ പുറത്തെടുത്തിരിക്കുന്നത്. കലാപം നടന്നു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍. അവിടെ മമതക്കൊപ്പം സിപിഎമ്മും കോണ്‍ഗ്രസും മാവോയിസ്റ്റുകളുമൊക്കെ അണിനിരന്നു. ഇതാവട്ടെ രാഷ്ട്രീയപരമായി ബിജെപിക്ക് ത്രിപുരയില്‍ ശക്തി പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: