ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി നിലയ്‌ക്കാതെ പെയ്ത കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും വെള്ളപ്പൊക്കം.
ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള ടി. നഗര്‍, വ്യാസര്‍പാഡി, അഡയാര്‍, വേലചെരി, റോയപേട്ട, മൈലാപൂര്‍ എന്നീ സമീപ നഗരങ്ങളും വെള്ളത്തിനടിയിലായി. ജനജീവിതം പാടെ സ്തംഭിച്ചു. ചെന്നൈ നഗരത്തിലെ 40 പ്രധാന റെസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ഏരിയകള്‍ പാടെ വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കം ബാധിച്ച കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
2015ന് ശേഷം തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച രാവിലെ 8.30 വരെ നഗരത്തില്‍ 21.5 സെന്‍റിമീറ്ററും പ്രാന്തപ്രദേശങ്ങളില്‍ 11.3 സെന്‍റിമീറ്ററും മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാരണം.
പുഴല്‍, ചെംബരംബാക്കം ജലസംഭരണികള്‍ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് തുറന്നുവിട്ടു. ഞായറാഴ്ച വടക്കന്‍ തീരദേശത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിച്ചു. ചെന്നൈ നഗരത്തില്‍ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍, തീവണ്ടി, ബസ് സര്‍വ്വീസുകള്‍ നിലച്ചു. അതേ സമയം രണ്ട് വിമാനങ്ങള്‍ വൈകിയതല്ലാതെ വിമാനസര്‍വ്വീസുകളെ കാര്യമായി ബാധിച്ചില്ല.
വിമാനത്താവള റണ്‍വേയിലെ മഴവെള്ളം പമ്പ് ചെയ്ത് കളഞ്ഞു. മെട്രോ റെയില്‍ സംവിധാനത്തേയും മഴ ബാധിച്ചില്ല. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള തീവണ്ടി തിരുനിന്ദ്രാവൂറില്‍ നിര്‍ത്തിയിടേണ്ടി വന്നു. റെയില്‍വേയുടെ ബേസില്‍ ബ്രിഡ്ജ് യാര്‍ഡില്‍ മഴവെള്ളം നിറഞ്ഞതിനാല്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി സര്‍വ്വീസുകള്‍ താറുമാറായി.
നിരവധി മരങ്ങള്‍ കടപുഴകി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. സബ് വേകള്‍ നിരവധി അടി വെള്ളത്തില്‍ മുങ്ങി. ഓട്ടോറിക്ഷകളും ടാക്‌സികളും പണിമുടക്കി. പലയിടത്തും ഇരുചക്രവാഹനങ്ങളും ഓട്ടോകളും ടാക്‌സികളും കുടുങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.
പിഡബ്ല്യുഡി ജീവനക്കാര്‍ പമ്പ് ഉപയോഗിച്ച് റോഡിലെ വെള്ളം പങ്ക് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്ന നഗര്‍ പെരിഫറല്‍ ആശുപത്രിയിലെ വെള്ളക്കെട്ടില്‍ നിന്നും നടന്നുപോകാന്‍ മണ്ണ് നിറച്ച ബാഗുകളും നിരത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: