തിരുവനന്തപുരം: ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയാന്‍ കേരളസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക്കുമാര്‍. പ്രലോഭിച്ചും നിര്‍ബന്ധിച്ചും ഭയപ്പെടുത്തിയും നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ആ മാതൃകയില്‍ കേരളത്തിലും നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഭക്തര്‍ക്കും വിശ്വാസികള്‍ക്കും കൈമാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനസര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളും രാഷ്ട്രീയലക്ഷ്യങ്ങളോടെ ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണം. കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷത്തിന് ഈശ്വരവിശ്വാസമില്ല. ദൈവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും എതിര്‍ക്കുന്നവരുടെ നോമിനികളാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നത്. ഇവരുടെ ചെലവുകള്‍ വഹിക്കുന്നതാകട്ടെ ക്ഷേത്രസമ്പത്തില്‍ നിന്നും.
ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്രസംബന്ധിയായ നിര്‍മാണങ്ങള്‍ക്കും ക്ഷേത്ര സംസ്കാരത്തിന്റെ ഉന്നതിക്കും ഹിന്ദുസമൂഹത്തിന്റെ ഉന്നതിക്കും മാത്രമായി വിനിയോഗിക്കണം. ക്ഷേത്രസമ്പത്ത് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് അനുവദിക്കാനാവില്ല. സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തിന് കൈമാറണം. ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിലെ പരമ്പരാഗതമായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം.
കേരള സര്‍ക്കാര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ സ്പെഷ്യല്‍ മാര്യേജ് നോട്ടീസുകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തലാക്കിയ നടപടി ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനെ മാത്രം ആധാരമാക്കി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന തീരുമാനം മതപരിവര്‍ത്തനത്തിന് സഹായമാകും. ഈ രണ്ടു തീരുമാനങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണം.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കള്ളക്കടത്തുകളും തീവ്രവാദപ്രവര്‍ത്തനങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ അന്വേഷണം ഉണ്ടാകണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എസ്സി എസ്ടി വിഭാഗങ്ങള്‍ക്കിടയിലും പിന്നാക്ക മേഖലകളിലും വിഎച്ച്പി സേവാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച് വിഎച്ച്പി സേവാ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ സി. ബാബുക്കുട്ടന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: