എറണാകുളം: അമ്പലത്തില്‍ ജാതി വിവേചനം നേരിട്ടതിന് പരാതിപ്പെട്ട സോപാന സംഗീത ഗായകനെ സ്ഥലം മാറ്റി കൊച്ചിന് ദേവസ്വം ബോര്‍ഡ്. ചേരാനെല്ലൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകനായ വിനില്‍ ദാസാണ് അമ്പലത്തില്‍ നിന്നും ജാതി വിവേചനം നേരിട്ടത്. തുടര്‍ന്ന് ഇയാള്‍ ഇത് ചൂണ്ടിക്കാട്ടുകയും രേഖാമൂലം ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതിയിന്മേല് അന്വേഷണം പോലും നടത്താതെ പരാതിക്കാരനെ തന്നെ സ്ഥലംമാറ്റിയിരിക്കുകയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ്.
ക്ഷേത്രത്തിലെ സോപാന ഗായകര്ക്കായുളള മുറി ക്ഷേത്ര ഭരണസമിതിയിലുള്ള ചിലര്‍ വിനില്‍ ദാസിന് തുറന്നു കൊടുക്കാന്‍ തയാറായില്ല. തനിക്കെതിരെ നടന്നത് ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വിനില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്.
തനിക്കെതിരായ നീക്കത്തിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാവാണെന്നാണ് വിനില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വിനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടികളൊന്നും കണ്ടില്ലെന്നും വിനില്‍ പ്രതികരിച്ചു.
വിനിലിനെതിരെ ഉണ്ടായിരിക്കുന്നത് സ്വാഭാവിക നടപടിയെന്നാണ് ബോര്‍ഡ് നല്കുന്ന വിശദീകരണം. ക്ഷേത്ര ജീവനക്കാരില്‍ ചിലരുടെ അഴിമതിയെ കുറിച്ചും ഇയാള്‍ പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: