മുംബൈ: മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം ഏറ്റെടുത്ത് ആമസോണ്‍ പ്രൈം. ദേശീയ പുരസ്കാരം നേടിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ആമസോണ്‍ ഏറ്റെടുത്തത് 93 കോടി നല്‍കിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ രാജ്യത്തെ ഒടിടി ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കച്ചവടമാണ്.
ആശിര്‍വാദ് സിനിമാസ് 90 കോടിയില്‍ അധികം മുടക്കി തിയറ്റര്‍ റിലീസിനായാണ് മരക്കാര്‍ നിര്‍മ്മിച്ചത്. ക്രിസ്മസ്-പുതുവത്സര റിലീസായി സിനിമ അമസോണ്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടാവും. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിനായി നിരവധി ചര്‍ച്ചകളാണ് സിനിമ സംഘടനകള്‍ നടത്തിയത്. എന്നാല്‍ ഒന്നിലും സമവായമാകാതായതോടെ ഒ.ടി.ടിയ്ക്ക് നല്കാന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിക്കുകയായിരുന്നു.
മോഹന്‍ലാല്‍ കുഞ്ഞാലിയായെത്തുമ്പോള്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്ജ്ജുന് സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പന് നായരാണ്.
റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല് ഇവാന്‍സ് റോഡറും ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: