ഓയൂര്‍: പയ്യക്കോട്- അടുതല റോഡ് നിര്‍മാണത്തിന്റെ മറവില്‍ വ്യാപകമായ മണ്ണ് കടത്ത്. അധികൃതരുടെ അറിവോടെയെന്ന് മണ്ണുകടത്തല്‍ നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടര കിലോമീറ്ററോളം നീളമുള്ള റോഡിന്റെ പുനര്‍നിര്‍മാണത്തിനായി രണ്ടു കോടി ഇരുപത് ലക്ഷം രൂപയ്ക്കാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്.
റോഡിന് വീതി കുറവായതിനാല്‍ റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും ഒന്നര മീറ്റര്‍ വീതികൂട്ടി റീ ടാര്‍ ചെയ്യുന്നതിനുള്ള ടെണ്ടറാണ് നല്‍കിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയ്ക്ക് റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും മണ്ണു നീക്കം ചെയ്തു തുടങ്ങി. ഇവിടെ നിന്നും ശേഖരിക്കുന്ന മണ്ണ് ഇളക്കി യാര്‍ഡില്‍ സൂക്ഷിക്കുന്നതിനും പിന്നീട് ഈ മണ്ണ് സര്‍ക്കാരിന്റെ ഏതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാനാണ് തീരുമാനം. ഇതു സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ കടത്തിക്കൊണ്ട് പോകാന്‍ പാടില്ലെന്നും ചട്ടമുണ്ട്.
എന്നാല്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നിന്നും റോഡിന്റെ ഒരു വശം വീതി കൂട്ടുകയും ഏകദേശം മുന്നൂറ് ലോഡോളം മണ്ണ് ഇവിടെ നിന്നും കടത്തിക്കൊണ്ട് പോവുകയും ചെയ്തു. കടത്തിക്കൊണ്ട് പോകുന്ന മണ്ണ് ലോഡ് ഒന്നിന് 1500 രൂപ മുതല്‍ 3000 രൂപ വരെ വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് നിലം നികത്തുന്നതിനും മറ്റും നല്‍കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
മണ്ണ് കച്ചവടം വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡിന്റെ മറുവശത്ത് നിന്നും മണ്ണെടുത്ത് കടത്താനുള്ള ശ്രമം തടഞ്ഞു. റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന മണ്ണെടുപ്പിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പിഡബ്ല്യുഡി അധികൃതര്‍ക്കും, വിജിലന്‍സിനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: