എടത്വാ: വീടിന് ചുറ്റും വെള്ളെക്കെട്ട് കാരണം കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിയുടെ സംസ്കാര ചടങ്ങിന് എടത്വാ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി സ്ഥലം വിട്ടുനല്‍കിയപ്പോള്‍ സഞ്ചയന ചടങ്ങ് മുട്ടോളം വെള്ളത്തില്‍. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് കുതിരച്ചാല്‍ പൊന്നപ്പന് കെ.പിയുടെ മ്യതദേഹമാണ് കഴിഞ്ഞ ദിവസം എടത്വാ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചക്കുളത്തുകാവിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോഴാണ് പൊന്നപ്പന് കൊവിഡ് ബാധിച്ച് മരിച്ചത്.
മൃതദേഹം സംസ്കരിക്കാന്‍ വീട് ഇരിക്കുന്ന പ്രദേശം വെള്ളകെട്ടായതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം കൊച്ചുമോള് ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ സമീപിച്ചാണ് അനുമതി വാങ്ങിയത്. സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞെങ്കിലും ഹിന്ദുവിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ വീട്ടില്‍ നടത്താന്‍ കുടുംബം തീരുമാനിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വീടിന് ചുറ്റും മുട്ടോളം വെള്ളം ഉയര്‍ന്നു. വീടിന്റെ തിണ്ണയില്‍ വെച്ചാണ് പൊന്നപ്പന്റെ മക്കള്‍ സഞ്ചയന ചടങ്ങ് പൂര്‍ത്തിയാക്കിയത്. പ്രദേശത്ത് ദിവസങ്ങളായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തെ നിരവധി താമസക്കാരാണ് ദുരിതം അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: