പൊതു സമൂഹത്തില്‍ ഹിജാബിന് സ്വീകര്യത നല്‍കുന്നതിനായി യൂറോപ്യന്‍ യൂണിയന് തുടങ്ങിയ ഓണ്‍ലൈന്‍ ക്യാമ്പയിന് പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു. ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഹിജാബിനെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് ക്യാമ്പയിന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഹിജാബ് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ അടയാളമല്ല. ചില മുസ്ലിം രാജ്യങ്ങളില്‍ ഹിജാബ് ധരിക്കാത്തത് നിയമവിരുദ്ധമാണെന്നും യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഹിജാബ് സ്വാതന്ത്രമാണോയെന്ന് അഫ്ഗാനിസ്താന്, സൊമാലിയ, ബുര്‍ഖിന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളോട് ചോദിക്കൂയെന്ന് ബെല്‍ജിയത്തിലെ കണ്‍സര്‍വേറ്റീവ് രാഷ്ട്രീയ നേതാവ് തിയോ ഫ്രാങ്കെന് പറഞ്ഞു.
സൗദി അറേബ്യ, ഇറാന് തുടങ്ങിയ രാജ്യങ്ങളിലെ ഹിജാബ് നിയമങ്ങളും പ്രതിഷേധം ഉയര്‍ത്തിയവര്‍ ചൂണ്ടിക്കാട്ടി. ഈ ക്യാമ്പയിന് തന്നെ ഞെട്ടിച്ചു കളഞ്ഞതായി ഫ്രാന്‍സ് യുവജന മന്ത്രി സാറാ എല്‍ ഹെയ്രിയും അറിയിച്ചു. ഇത്തരത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് യൂറോപ്യന്‍ യൂണിയന് ഫണ്ട് ചെയ്തിരുന്ന ക്യാമ്പയിന് പിന്‍വലിക്കപ്പെട്ടത്.
വൈവിധ്യങ്ങളിലെ സൗന്ദര്യം, ജോയ് ഇന്‍ ഹിജാബ് തുടങ്ങിയ ഹാഷ്ടാഗുകളോട് കൂടിയാണ് ക്യാമ്പയിന് തുടങ്ങിയത്. ഹിജാബി സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും ഇതിനായി ഉപയോഗിച്ചിരുന്നു. ഫ്രാന്‍സില്‍ ഏപ്രില്‍ 22 ന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പ്രചാരണായുധമാക്കുകയും ചെയ്തു. ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിജാബ് ക്യാമ്പയിനെതിരെ ശക്തമായി രംഗത്ത് വന്നു.കാബൂളിലെ സ്ത്രീകള്‍ മുഖാവരണം ധരിക്കാതിരിക്കാന്‍ വേണ്ടി പൊരുതുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ യൂണിയന് ക്യാമ്പയിന് പിന്‍വലിച്ചതിനെതിരെ മുസ്ലിം സംഘടനകളും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ഫ്രാന്‍സില്‍ മുഖാവരണം ധരിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ബെല്‍ജിയം ഓസ്ട്രിയ, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളും മുഖാവരണം വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: