ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം പങ്കെടുക്കുന്ന യോഗം രാവിലെ പത്തിന് എന്‍ഡിഎംസി കണ്വന്ഷന് സെന്ററില്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് വരെയുള്ള യോഗത്തിന്റെ സമാപനത്തില്‍ പ്രധാനമന്ത്രി മാര്‍ഗനിര്‍ദേശം നല്‍കും.
ദേശീയ ഭാരവാഹികളും കേന്ദ്രമന്ത്രിമാരുമാണ് ദല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന അധ്യക്ഷന്മാര് അടക്കമുള്ള ഭാരവാഹികള്‍ അതതു സംസ്ഥാന ബിജെപി ഓഫീസുകളില്‍നിന്ന് യോഗത്തില്‍ പങ്കെടുക്കും. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിര്‍വാഹക സമിതി യോഗം നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ഈ ക്രമീകരണം. വരാനിരിക്കുന്ന യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും. രണ്ടു വര്‍ഷത്തിന് ശേഷമാണ് യോഗം ചേരുന്നത്. കൊവിഡ് മൂലമാണ് യോഗം ഇത്രയും വൈകിയത്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവര്‍ ദല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്, പ്രത്യേക ക്ഷണിതാക്കളായ പി.കെ. കൃഷ്ണദാസ്, ഇ. ശ്രീധരന്, സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംഘടനാ സെക്രട്ടറി എം. ഗണേശന്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ തിരുവനന്തപുരത്ത് ബിജെപി ഓഫീസില്‍ നിന്ന് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: