ബാഗ്ദാദ് : ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷാ മേഖലയില്‍ നടന്ന ആക്രമണ ശ്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പൊട്ടിത്തെറിയില്‍ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകര്‍ക്ക് അടക്കം പരിക്കേറ്റു. പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താന്‍ സുരക്ഷിതനാണെന്നും ജനങ്ങള്‍ സംയമനംപാലിക്കണമെന്നും മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന ഇറാഖില്‍ കുറച്ച് ദിവസങ്ങളായി ഇറാഖില്‍ സംഘര്‍ഷാവസ്ഥയാണ്. തെരഞ്ഞെടുപ്പ് ഫലത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് നിലവില്‍. ഇറാഖില്‍ ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ഖാദിമിക്ക് നേരെ വധശ്രമം ഉണ്ടായിരിക്കുന്നത്.
ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ ഗ്രീന്‍ സോണിലാണ് ഖാദിമിയുടെ വസതി സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട പല സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഇടം. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന വാദവുമായി വലിയൊരു പ്രതിഷേധം ബാഗ്ദാദിലെ ഗ്രീന്‍ സോണിന് പുറത്തായി നടന്നിരുന്നു.
സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ചില ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് ആദ്യം ടിയര്‍ ഗ്യാസും പിന്നീട് തോക്കുമുപയോഗിച്ചാണ് സമരത്തെ നേരിട്ടത്. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. വലിയ പ്രക്ഷോഭമാണ് സര്‍ക്കാര്‍ വിരുദ്ധ കക്ഷികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ മേഖലയില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ വിരുദ്ധ കക്ഷികളുടെ പ്രക്ഷോഭത്തിന് ഇറാന്റെ പിന്തുണയുമുണ്ട്. അത്തരത്തിലുള്ള പിന്തുണ ലഭിക്കുന്ന ഏതെങ്കിലും സംഘടനകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: