6000 കോടി രൂപ ആസ്തിയുള്ള ഷാറൂഖ് ഖാന് ,44000 സ്കോയര്‍ ഫീറ്റില്‍ തീര്‍ത്ത 160 കോടി രൂപ വിലയുള്ള വീട്ടില്‍ എല്ലാ ആഡംബരത്തോടെയും ലോകത്തെ ഏറ്റവും മുന്തിയ ഭക്ഷണവും കഴിച്ചു വളര്‍ന്ന സ്വന്തം മകന് ജാമ്യം വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ല .രണ്ടാഴ്ച അവനും കിടക്കണം സിമന്റ് തറയില്‍ ജയിലിലെ ചപ്പാത്തിയും പരിപ്പും കഴിച്ചു കൊണ്ട് ..
ചിന്തിക്കുന്ന യുവതയ്ക്ക് ഏറെ പാഠങ്ങളുണ്ട് ഈ സംഭവത്തില്‍ .
ഇതൊക്കെ അങ്ങ് ബോംബെയിലും പിടിക്കപ്പെട്ടത് വലിയ ആളുകളും…
മയക്കു മരുന്നെന്ന ദുരന്തം നമ്മുടെ പരിസര പ്രദേശത്ത്പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . നേരത്തെ പാത്തും പതുങ്ങിയും ഉപായയോഗിച്ചിരുന്നത് ഇപ്പോള്‍ പബ്ലിക് ആയി ഉപയോഗിക്കുന്നു അത്രയേ ഉള്ളു . പണ്ട് വിരലില്‍ എണ്ണാവുന്നവര്‍ ഈ മേഖലയില്‍ വില്പനക്കാരായി ഉണ്ടായതെങ്കില്‍ ഇന്നിപ്പോള്‍ വില്പനക്കാരും ലഭ്യതയും വളരെ കൂടി എന്നേയുള്ളു ..
നിഷ്കളങ്കരായ ചെറുപ്പക്കാരെ ഈ ദുരന്ത മുഖത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവര്‍ നമുക്ക് ചുറ്റുമുണ്ട് .
ശ്രദ്ധിക്കേണ്ടത് നമ്മളാണ് .മയക്കു മരുന്ന് എന്നത് ഈ ലോകത്തില്‍ നിന്നും തുടച്ചു നീക്കാന്‍ ഒരു സംവിധാ നത്തിനും കഴിയില്ല . പല രാജ്യങ്ങളും ഇതിന്റെ ഉപയോഗം അനുവദിച്ചിട്ടുമുണ്ട് . ചില രാജ്യങ്ങളുടെ വരുമാനം തന്നെ മയക്കു മരുന്ന് കയറ്റുമതിയാണ് .
മയക്കു മരുന്ന് റാക്കറ്റുകള്‍ ശക്തരാണ് , എളുപ്പം പൊട്ടിച്ചെറിയാന്‍ കഴിയില്ല . നമ്മള് അതുമായി അകലം പാലിക്കുക എന്നത് മാത്രമേ പരിഹാരമായുള്ളൂ .
നമ്മുടെ കുട്ടികളില്‍, അവരുടെ സ്വഭാവത്തില്‍ എന്തെങ്കിലും ചെറിയൊരു മാറ്റങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങളതിനെ അവഗണിക്കരുത്.
മദ്യപാനം പോലെയോ സിഗരറ്റു വലി പോലെയോ അല്ല മയക്കു മരുന്നിന്റെ ഉപയോഗം . ഇത് രണ്ടും ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്നവര്‍ അതിനു അഡിക്ട് ആകണം എന്നില്ല ,എന്നാല്‍ മയക്കു മരുന്ന്
ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ അതിനടിമകളായിത്തീരും. ഒരിക്കല്‍ അതിനടിമയായിക്കഴിഞ്ഞാല് പിന്നൊരിക്കലും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാ ന് നമുക്ക് കഴിയില്ല ,
മയക്കു മരുന്നിനു അടിമ ആയ ഒരാളെ സംബന്ധിച്ചിടത്തോളം അവര്‍ക്കു മാതാ പിതാക്കള്‍ എന്നോ ബന്ധുക്കള്‍ എന്നോ ഒരു തിരിച്ചറിവും ഉണ്ടാകില്ല . അവര്‍ക്കെല്ലാവരും ഒരു പോലെയാണ് . സമയത്തിന് മരുന്ന് കിട്ടാതിരുന്നാല്‍ അത് സംഘടിപ്പിക്കാന്‍, വേണ്ടി വന്നാല്‍ മറ്റൊരാളെ കൊല്ലാന്‍ പോലും ഇവര്‍ തയ്യാറായേക്കാം .
ഏറ്റവും ശ്രദ്ധ വേണ്ടത് നമ്മുടെ പഠിക്കുന്ന മക്കളിലാണ് , അത് ആണെന്നോ പെണ്ണെന്നോ വലിയ വ്യത്യാസമില്ല , ഈ ലോബി ആദ്യം വലവിരിക്കുന്നതു കുട്ടികളെയാണ് , ആദ്യമാദ്യം സൗജന്യമായി നല്‍കുകയും പിന്നീട് കാശിനു വില്‍ക്കുകയും വാങ്ങാന്‍ പൈസ ഇല്ലാത്ത അവസ്ഥ വരുമ്പോള്‍ വില്പനക്കാരുടെ ഏജന്റും ക്യാരിയര്‍മാരും ഒക്കെ മാറി ജീവിതവും ഭാവിയും ഒക്കെ നഷ്ടപ്പെട്ടു നാട്ടുകാരാലും വീട്ടുകാരാലും വെറുക്കപ്പെട്ടു ഒരു പുഴുത്ത പട്ടിയെ പോലെ ഏതെങ്കിലും തെരുവില്‍ അവരുടെ ജീവിതം അവസാനിക്കും .
നമ്മളുടെ കുട്ടികളോട് അടുത്തിടപഴകുക ,അവരെ സുഹൃത്തുക്കളായി കാണുക . മക്കളുടെ മുകളില്‍ അധികാരം സ്ഥാപിക്കുക എന്നതാണ് രക്ഷിതാവിന്റെ കര്‍ത്തവ്യമെന്നു കരുതിയ കാലം കഴിഞ്ഞു എന്ന യാഥാര്‍ഥ്യം രക്ഷിതാക്കള്‍ മനസിലാക്കുക , സൗമ്യമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക .നമ്മുടെ മക്കള്‍ പ്ലാസ്റ്റിക് സ്കെയില്‍ പോലെയാണെന്ന് മനസിലാക്കുക , ഒരു പരിധി വരെ വളച്ചാല്‍ വളയും , കൂടുതല്‍ വളക്കാന്‍ ശ്രമിച്ചാല്‍ അതങ്ങു പൊട്ടിപ്പോകും .അതാണ് കാല ഘട്ടമെന്ന ഉത്തമ ബോധ്യം നമുക്കാദ്യം ഉണ്ടാകണം ..
അവരോടു പറഞ്ഞു മനസിലാക്കുക .
എവിടേക്കെങ്കിലും ഒരു ആഘോഷപാര്‍ട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ പോകേണ്ടിയും വന്നേക്കാം ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ… എന്നാല്‍ എവിടെ ഏത് തരം പാര്‍ട്ടിക്കാണ് നിങ്ങള്‍ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങള്‍ക്കുണ്ടായിരിക്കണം..ഒഴിവാക്കാന്‍ കഴിയുന്നതിനെ ബോധപൂര്‍വ്വം ഒഴിവാക്കുക.
LSD, MDMA, കഞ്ചാവ്, ഹീറോയിന്, മാജിക് മഷ്റൂം എന്നിങ്ങനെ പല സാധനങ്ങള്‍ വിലസ്സുന്ന പാര്‍ട്ടികള്‍ ഉണ്ടാകാം. അവ ടാബ്ലറ്റ്, ഇന്ജെക്ഷന്, പൗഡര്‍, പുകയ്ക്കല്‍, പിന്നീട് വായില്‍ വച്ച് ഒട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവയൊക്കെ സുലഭമാണ്.
ഇനി പാര്‍ട്ടിയില്‍ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മര്‍ദ്ദം നിങ്ങളിലേക്ക് വരും. ഇതൊന്ന് വലിച്ച് നോക്കൂ, ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മര്‍ദ്ദങ്ങള്‍. നിങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാല്ലെങ്കില്‍.. വീട്ടുകാരെ പേടിയാണോ, നീ ആണാണോടാ..
.എന്നീ നാണം കെടുത്താന്‍ ശ്രമിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ നിങ്ങളിലേക്ക് വരാം. നിങ്ങള്‍ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മര്‍ദ്ധക്കാരുടെ വലയില്‍ വീണുപോയാല്‍…
ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയില്‍ വീണു കഴിഞ്ഞാല്‍ യഥാര്ഥ്ത്തില് നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാന്‍ തുടങ്ങുകയാണ്… തിരിച്ചറിയുക..
ഒരു പ്രാവശ്യം എന്നുള്ളത് പിന്നീട് ഇടക്കിടക്ക് വേണ്ടിവരും. അവസാനം കരകാണാ കയത്തിലേക്ക് നിങ്ങള്‍ വീണ് പോയിട്ടുണ്ടാകാം. ഒരു ഡ്രഗ് അഡിക്റ്റ് ആയി മാറി കഴിയുമ്പോള്‍….. ഇത് വാങ്ങുവാനുള്ള പൈസക്കായി നിങ്ങള്‍ ഒരു കള്ളനും കൊലപാതകിയുമൊക്കെ ആയി മാറിയേക്കാം. അതുകൊണ്ട് ആ ഒരു പ്രാവശ്യം എന്ന ആ സന്ദര്‍ഭം നിങ്ങളില്‍ ഉണ്ടാവരുത്.
നിങ്ങളുടെ ഡ്രഗ് അഡിക്ഷനാല്‍ നിങ്ങളുടെ വീട്ടുകാര്‍ ആയ അച്ഛനും അമ്മയും പെങ്ങളുമൊക്കെ നിങ്ങളാല്‍ മാനസിക കഷ്ടതകളിലേക്ക് മാറ്റിമാറിക്കപ്പെടും..
നാടും നാട്ടുകാരുടെയും നമ്മുടെ ഭാവി തലമുറയുടെയും സ്വസ്ഥത നഷ്ടപ്പെടുന്ന ഇത്തരം വിപത്തിനെതിരെ ഒറ്റയാള്‍ പ്രതിരോധമല്ല വേണ്ടത് , അതൊരിക്കലും വിജയം കാണില്ല .ഒറ്റക്കെട്ടായ ചെറുത്തു നില്‍പ്പാണ് ഇതിനെതിരെ വേണ്ടത് .
അത് ശക്തമായ വേരുറപ്പുള്ള സാമൂഹ്യ സംഘടനകള്‍ വഴിയോ, ക്ലബ്ബുകള്‍ വഴിയോ ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ക്കോ നിഷ്പ്രയാസം ഈ വിപത്തിനെ പ്രതിരോധിക്കാം . . അതിനുള്ള ശ്രമമാണ് വേണ്ടത് .
രാധാകൃഷ്ണന് പുത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: