തിരുവനന്തപുരം: തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം മുന്‍ പ്രസിഡന്റ് സ്വാമി ലോകഹിതാനന്ദ സമാധിയായി. ഇന്നലെ വൈകുന്നേരം 5.35 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി ശാസ്തമംഗലത്തുള്ള ആശ്രമം വക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരം രാത്രി 8 മണിയോടെ നെട്ടയം ആശ്രമത്തിലെത്തിച്ചു. 9 മണിക്ക് സമാധിയിരുത്തല്‍ ചടങ്ങുകള്‍ നടത്തി.
മദിരാശിയിലെ ഇടത്തരം മലയാളി കുടുംബത്തില്‍ 1934 ല്‍ ആയിരുന്നു സ്വാമികളുടെ ജനനം. 1954 മുതല്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നു സ്വാമികള്‍. 1956 ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ സ്വാമികള്‍ തമിഴ്‌നാട് ഗവണ്‍മെന്റ് സര്‍വീസില്‍ 1965 വരെ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. 1965 ഡിസംബറില്‍ കല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആസ്ഥാനത്തെത്തി. കല്‍ക്കത്തയിലെ ആശ്രമത്തിലെത്തിയ സ്വാമികള്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ആശ്രമത്തിന്റെ കീഴിലുള്ള കല്‍ക്കട്ട ആശുപത്രി, റാഞ്ചി ടിബി സാനിട്ടോറിയം, ദല്‍ഹി ടിബി സെന്റര്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഓഫീസറായി.
1975 ല്‍ ലോകഹിതാനന്ദ എന്ന നാമത്തില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. 1988 ല്‍ തിരുവനന്തപുരം ശ്രീരാമകൃഷ്ണമിഷന്‍ ആശുപത്രിയുടെ ഡയറക്ടറായി. 1997 മുതല്‍ തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2010 ഡിസംബര്‍ വരെ ഈ രണ്ടു ചുമതലകളും അദ്ദേഹം നിര്‍വഹിച്ചിരുന്നു.
















