ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാൻ കേരളം അനുമതി നൽകിയ കാര്യം താന്‍ അറിഞ്ഞില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഇതോടെ മറ്റൊരു മരംമുറി വിവാദത്തിന് കേരളം വീണ്ടും സാക്ഷിയാകുന്നു.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാനാണ് കേരളം തമിഴ്നാടിന് അനുമതി നൽകിയിരിക്കുന്നത്. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചതിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദി പറഞ്ഞുകൊണ്ട് കത്തയച്ചു. ഇതോടെയാണ് കേരളം തമിഴ്നാടിന് അനുമതി നല്‍കിയ കാര്യം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയുന്നത്.
ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചല്‍ തോമസാണ് അനുമതി നല്‍കിയതെന്ന് തമിഴ്‌നാടിന് നല്‍കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ ഉത്തരവ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിഞ്ഞിട്ടില്ല. സംഭവം വിവാദമായതോടെ ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോട് വിശദീകരണം തേടിയിരിക്കുകയാണ് ശശീന്ദ്രന്‍.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ കീഴ്ഭാഗത്തെ വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴനാട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിസർവ് വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ പറ്റില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 ഉയർത്തുകയാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കിയിരുന്നു. നിലവിൽ 142 അടിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന അളവ്.
ബേബി ഡാം ബലപ്പെടുത്താന്‍ കേരളം സമ്മതിച്ചതോടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം ദുര്‍ബലമാകും. ഇത് സുപ്രീംകോടതിയില്‍ ഭാവിയില്‍ കേരളത്തിന് ക്ഷീണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: