ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ വാദികളായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുന്നു. ഇതിനായി ഒരു ഉന്നത തല എന്‍ ഐഎ സംഘം കാനഡയിലേക്ക് പോയി.
പഞ്ചാബിനെ ഉള്‍പ്പെടുത്തി ഖാലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ്എഫ്ജെ). ഖാലിസ്ഥാന്‍ തീവ്രവാദിയായിരുന്ന ഭിന്ദ്രന്‍വാലയെ ആരാധിക്കുന്നവരാണ് എസ് എഫ്ജെ. ഇപ്പോള്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടന കര്‍ഷകസമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിക്കുകയും സമരത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
എസ്എഫ്ജെയ്ക്ക് പുറമെ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകളെക്കുറിച്ചും എന്‍ ഐഎ അന്വേഷിക്കും. കാനഡ, യുകെ, യുഎസ്എ, ആസ്ത്രേല്യ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളില്‍ നിന്നും ഈ സംഘടനകള്‍ക്ക് ലഭിക്കുന്ന പിന്തുണയും അന്വേഷണവിധേയമാക്കും.
ഇപ്പോള്‍ ഗുര്‍പത്വന്ത് സിംഗ് പന്നുന്‍, ഹര്‍ദീപ് സിംഗ് നിജ്ജര്‍, പരംജിത് സിംഗ് എന്നിവരാണ് എസ്എഫ്ജെയുടെ നേതാക്കള്‍. ഇതില്‍ പരംജിത് സിംഗ് യുഎപിഎ പ്രകാരം എന്‍ ഐഎ തന്നെ തീവ്രവാദിയായി മുദ്രകുത്തിയിട്ടുള്ള വ്യക്തിയാണ്. ഗുര്പത്വന്തും ഹര്‍ദീപും വിഘടനവാദികളാണ്. ഗുര്‍പത്വന്ത് സിംഗിന്റെ ഉടമസ്ഥതയില്‍ അമൃത്സര്‍, പഞ്ചാബ്, ജില്ലകളിലും ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ജലന്ധറിലും പഞ്ചാബിലും ഉള്ള സ്ഥാവര സ്വത്തുകള്‍ എന്‍ ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്‍ ഐഎ നിര്‍ദേശപ്രകാരം ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാരും ആഭ്യന്തരമന്ത്രാലയവും ഉത്തരവിട്ടിട്ടുണ്ട്. 1967ലെ യുഎപിഎ നിയമത്തിലെ 51എ വകുപ്പ് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടുന്നത്.
പഞ്ചാബിലെ അമൃത്സറില് 2018ല്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിന് പിന്നില്‍ എസ് എഫ് ജെ ആയിരുന്നു. നിരങ്കാരി ഭവനില്‍ നടന്ന അന്നത്തെ ആക്രമണത്തെ തുടര്‍ന്നാണ് എസ്എഫ്ജെയുടെ പേര് പുറത്തറിയുന്നത്. ദീപാവലിക്ക് മുന്‍പ് പട്യാലയിലെ ആള്‍ക്കൂട്ടമുള്ള പ്രദേശത്ത് സ്ഫോടനം നടത്താന്‍ ഒരു യുവാവിനെ ഏര്‍പ്പെടുത്തിയെന്ന കേസിലും എസ് എഫ്ജെയുടെ പങ്ക് വെളിപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ ഗുര്‍പത്വന്ത് സിംഗ് പന്നുനെ ബട്ടാല കോടതി പ്രഖ്യാപിത കുറ്റവാളിയായി വിശേഷിപ്പിച്ചിരുന്നു.
2009ല്‍ രാഷ്ട്രീയ സിഖ് സംഘട് മേധാവി റുല്‍ദ സിംഗിന്റെ കൊലാപതകത്തിന് പിന്നില്‍ എസ്എഫ്ജെ അംഗം പരംജിത് സിംഗ് എന്ന പമ്മ ആയിരുന്നു. പാകിസ്ഥാന്റെ ഐഎസ് ഐയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന കുറ്റവും പരംജിത് സിംഗിനെതിരെയുണ്ട്. ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ വാധ്വാ സിംഗ് ബബ്ബറിനെതിരെയും ഇതേ കുറ്റം നിലനില്ക്കുന്നു. പരംജിത് സിംഗിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പിന്നീട് പോര്‍ച്ചുഗലില്‍ നിന്നും അറസ്റ്റ് ചെയ്തു.
പുല്‍വാമ തീവ്രവാദ ആക്രമണം ഒരു തീവ്രവാദ ആക്രമണമല്ലെന്ന് വാദിച്ച സംഘടനയാണ് എസ്എഫ്ജെ. യുകെ പൗരനായ പരംജിത് സിംഗ് പമ്മയെ പോര്‍ച്ചുഗലില്‍ നിന്നും വിട്ടുകിട്ടുന്നതിനെതിരെ വാദിക്കാന്‍ നിയമസഹായം നല്കിയ സംഘടനകൂടിയാണ് എസ്എഫ്ജെ.
2020ല്‍ സിഖ് ഹിതപരിശോധന നടത്താന്‍ (ഖാലിസ്ഥാന്‍ രാജ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട്) ഐഎസ് ഐ സഹായം എസ്എഫ് ജെ സ്വീകരിച്ചിട്ടുണ്ട്. ഗല്‍വാന്‍ താഴ് വരയിലെ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിന് ശേഷം ചൈനയുമായി എസ്എഫ്ജെ ബന്ധപ്പെട്ടിരുന്നതായും അറിവായിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ സഹായിക്കാമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ജെ ചൈനയെ സമീപിച്ചത്. അതും ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി ഇരുപക്ഷത്തും ആള്നാശമുണ്ടായിതിന് ശേഷമാണ് എസ് എഫ്ജെ ചൈനയുമായി ബന്ധപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: