തിരുവനന്തപുരം: നവംബര്‍ പത്ത് വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്ട്രോള് റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കണമെന്നും സര്‍ക്കാര്‍ അറയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറഞ്ഞു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് സംസ്ഥാന ഭരണ കൂടം ജാഗ്രത നിര്‍ദേശം നല്കി. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കര്‍ണാടകാ തീരത്ത് ഇന്നും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ നവംബര്‍ 12 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം, കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, മധ്യകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 12 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: