ഫ്ലോറിഡ: 2022 ജൂലൈ 7-10 വരെ ഒര്‍ലാണ്ടോയിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ വച്ച് നടക്കുന്ന ഫൊക്കാനാ ഗ്ലോബല്‍ ഡിസ്നി കണ്‍വന്‍ഷന്റെ രേങിസ്ട്രഷന്‍ കിക്ക് ഓഫുകള്‍ വന്‍ വിജയത്തിലേക്ക്. ഒര്‍ലാണ്ടോയില്‍ നടക്കാനിരിക്കുന്ന ഫൊക്കാനയുടെ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സംഭവബഹുലമാകുമെന്ന് സൂചന നല്‍കിക്കൊണ്ടാണ് ഇതുവരെ നടന്ന കണ്വെന്ഷന് റെജിട്രേഷന് കിക്ക് ഓഫുകള്‍ നല്കുന്ന ചരിത്രപരമായ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ടാമ്പയിലെ ക്നാനായ സെന്ററില്‍ വച്ച് നടന്ന വളരെ ആവേശകരമായ കണ്വെന്ഷന് രെജിസ്ട്രേഷന് കിക്ക് ഓഫില്‍ ഒന്നേകാല്‍ ലക്ഷത്തോളം ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പും നിരവധി രെജിസ്ട്രേഷനും ലഭിച്ചതിന്റെ ആവേശത്തിമര്‍പ്പിലാണ് സംഘാടകര്‍. ഒര്‍ലാണ്ടോ കണ്വെന്ഷന് ഫൊക്കാനയുടെ ചരിത്രത്തിലെ ഏടുകളില്‍ സ്ഥാനം പിടിക്കുന്ന ഒന്നാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അവര്‍ ഇപ്പോള്‍.
പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ സ്പോന്‍സര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷത്തില്‍പ്പരം തുകയാണ് ടാമ്പയില്‍ മാത്രം ലഭിച്ചത്. അതിനു തലേ ദിവസം നടന്ന മലയാളി അസോസിയേഷന് ഓഫ് ഡെറ്റോണ (മാഡ്) യുടെ ഉദ്ഘാടന ചടങ്ങില്‍ 15,000 ഡോളര്‍ സ്പോണ്‍സര്‍ഷിപ്പും നിരവധി രെജിസ്ട്രേഷന്കള് വേറെയും ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ റ്റാമ്പായില്‍ നിന്ന് ഇനിയും കൂടുതല്‍ മെമ്പര്‍ഷിപ്പും സ്പോണ്‍സര്‍ഷിപ്പും ലഭ്യമാകുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ആര്. വി. പി. കിഷോര്‍ പീറ്റര്‍ എന്നിവര്‍ പറയുന്നു.
ഫ്ലോറിഡയിലെ കണ്വെന്ഷന് നഗരമായ ഒര്‍ലാണ്ടോ, പ്രധാന നഗരങ്ങളായ ഫോര്‍ട്ട് വര്‍ത്ത ലോഡര്‍ഡേല്‍ , മയാമി എന്നിവടങ്ങളില്‍ കണ്വെന്ഷന് രെജിസ്ട്രേഷന് കിക്ക് ഓഫ് നടക്കാനിരിക്കെ, മറ്റു നഗരങ്ങളില്‍ നിന്ന് ലഭിച്ച വമ്പിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തവണത്തെ കണ്വെന്ഷന് ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തതകള്‍കൊണ്ടും ഏറ്റവും മികച്ചതാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ചിക്കാഗോയില്‍ നടന്ന രെജിസ്ട്രേഷന് കിക്ക് ഓഫ് വന്‍ വിജയകരമായതിനു പിന്നാലെയാണ് ഫ്ലോറിഡയില്‍ നിന്നുള്ള ആവേശകരമായ പിന്തുണകൂടി ലഭിച്ചതെന്നും ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.
ഫൊക്കാന ജനങ്ങള്‍ക്കിടയില്‍ അവരുടെ ശബ്ദമായി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആവേശകരമായ പിന്തുണയെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ടാമ്പയില്‍ നടന്ന കണ്വെന്ഷന് രേങിസ്ട്രഷന്‍ കിക്ക് ഓഫ് കര്‍മ്മം ഉദഘാടനം നിര്‍വഹിച്ചുകൊണ്ട് വ്യക്തമാക്കി. ഫൊക്കാനയെ പഴയ പ്രതാപത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനായി തന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണസമിതി നടത്തിയ പരിശ്രമങ്ങള്‍ വിജയം കണ്ടതിന്റെ സൂചനയാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നും കാനഡയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഊറ്റമായ പിന്തുണയെന്നും ജോര്‍ജി വര്‍ഗീസ് വ്യകത്മാക്കി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഫൊക്കാനയുടെ അംഗസംഖ്യയില്‍ വന്ന വര്‍ധനവും തങ്ങള്‍ നടത്തിയ നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്കൂടിയായിരിക്കും ഒര്‍ലാണ്ടോയില്‍ നടക്കുന്ന കണ്വെന്ഷന് എന്ന കലാശക്കൊട്ടിലൂടെ തങ്ങള്‍ തെളിയിക്കാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്വെന്ഷന് രെജിസ്ട്രേഷന് കിക്ക് ഓഫ് വേദികളില്‍ ലഭിക്കുന്ന സ്നേഹവും പിന്തുണയും സ്വീകരണവുമെല്ലാം തന്റെ ടീമിനെ ആവേശം കൊള്ളിക്കുന്നതാണെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ അംഗസംഘടനകള്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ചതില്‍ ചരിതാര്‍ഥ്യമുണ്ടെന്നും ജോര്‍ജി പറഞ്ഞു .
യുവാക്കള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് ആവേശം പകരുന്ന ഒട്ടേറെ പുതുമകള്‍ നിറഞ്ഞ ഒരു കണ്വെന്ഷന് ആയിരിക്കും ഒര്‍ലാണ്ടോ കണ്വെന്ഷന് എന്ന് തുടര്‍ന്ന് പ്രസംഗിച്ച ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി പറഞ്ഞു.ഫൊക്കാനയെന്നത് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അമ്മ സംഘടനയാണ്. 39 വര്‍ഷം പ്രായമുള്ള ഈ കുടുംബത്തില്‍ നിന്ന് പിണങ്ങി പോയ പലരും തിരികെ അമ്മയെ തേടിയെത്തി. അവരെയെല്ലാം മടക്കിക്കൊണ്ടുവരാന്‍ തങ്ങളുടെ ഭരണസമിതി മുന്‍കൈയെടുത്തതിന്റെ സൂചനയാണ് ഇപ്പോള്‍ 70 ലധികം സംഘടനകള്‍ ഫൊക്കാനയുടെ ഭാഗമായതെന്നും അദ്ദേഹം വ്യകത്മാക്കി.
കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനിന്നിരുന്ന കാലഘട്ടത്തിലാണ് തങ്ങളുടെ കമ്മിറ്റി ഭരണമേല്‍ക്കുന്നത്. എന്നാല്‍ ആ പരിമിതികളെപ്പോലും എങ്ങനെ അതിജീവിക്കാമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ തന്നെ തെളിച്ച ഒരു സംഘടനയാക്കി മാറ്റാന്‍ തങ്ങള്‍ക്കു കഴിഞ്ഞു. ചുമതലയേറ്റ അന്ന് മുതല്‍ നാട്ടിലും ഇവിടെയുമായി നിരവധി കാര്യങ്ങളാണ് ചെയ്തത്. നേരിട്ട് പോകാന്‍ പറ്റാത്തയിടങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ വെര്‍ച്വല്‍ മീറ്റിംഗുകളുടെ സാധ്യതകള്‍ തുടക്കം മുതലേ കണ്ടെത്തി മീറ്റിംഗുകള്‍ നടത്തിയതാണ് ത്ങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്നും സജിമോന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിലായ നമ്മുടെ സഹോദരങ്ങള്‍ക്കായി ഒരു ലക്ഷത്തില്‍ പരം ഡോളര്‍ വലിമതിക്കുന്ന വെന്റിലേറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ് ഉള്‍പ്പെടയുള്ള ജീവന് രക്ഷാ ഉപകരണങ്ങള്‍ നല്‍കിയതുമെല്ലാം ഫൊക്കാനയുടെ മഹത്തായ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണെന്നും സജിമോന്‍ സൂചിപ്പിച്ചു.
കൊച്ചിയിലെ രാജഗിരി മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ഫൊക്കാന നടപ്പില്‍ വരുത്തിയ ഹെല്‍ത്ത് കാര്‍ഡ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏടുകളില്‍ ചേര്‍ക്കപ്പെട്ട ഒന്നാണെന്നും സജിമോന്‍ ചൂണ്ടിക്കാട്ടി. ഫൊക്കാനയുടെ അംഗസംഘടനകളിലെ അംഗംങ്ങള്‍ക്കും അവരുടെ നാട്ടിലെ ബന്ധുക്കള്‍ക്കും പ്രയോജനപ്പെടുന്ന 3000പരം ഹെല്‍ത്ത് കാര്‍ഡുകളാണ് വിതരണം ചെയ്തു വരുന്നത്. അതിന്റെ ഗുണഭോക്താക്കള്‍ക്ക് വിവിധ ചികിത്സകള്‍ക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകള്‍ക്കു പുറമെ കോവിഡ് മഹാമാരി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍പോലും ഫൊക്കാന ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്ക് അഡ്മിഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഇതിനായി ഒരു സ്പെഷ്യല്‍ ഡെസ്ക്ക് തന്നെ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും അദ്ദേഹം വ്യക്തമാക്കി. ഹെല്‍ത്ത്കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന വി.ഐ.പി പരിഗണന വലിയൊരു അനുഗ്രഹം തന്നെയാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നതായും സജിമോന്‍ ചൂണ്ടിക്കാട്ടി.
ഫ്ലോറിഡ കണ്വെന്ഷന് ഒരു ചരിത്ര സംഭവമായി മാറുമെന്ന് ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന പറഞ്ഞു. എല്ലാവരും ഒരു മികച്ച കണ്വെന്ഷന് കാത്തിരിക്കുകയാണ്. കണ്വെന്ഷന് രെജിസ്ട്രേഷന് കിക്ക് ഓഫുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പിന്തുണ സൂചിപ്പിക്കുന്നത് ഒരാലാണ്ടോയില് വിസ്മയങ്ങള്‍ വിരിയുമെന്നു തന്നെയാണ്. ഫ്ലോറിഡയില്‍ നിന്നു മാത്രം ഏറെ വലിയ തോതില്‍ പിന്തുണ ലഭിച്ചു കഴിഞ്ഞു. – സണ്ണി ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ മലയാളികളുടെ അഭിമാനമായി നിലകൊള്ളുന്ന ഫൊക്കാനയുടെ യശ്ശസ് ദിവസേനയെന്ന വിധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ഭരണസമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ച കാലത്തുണ്ടായിരുന്ന തര്‍ക്കങ്ങളും പിണക്കങ്ങളും എല്ലാം പാടെ മാറിക്കഴിഞ്ഞുവെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിന്റെ കീഴില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ട് പൊതുജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചുകൊണ്ടിരിക്കുകയാണിപ്പോള് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകളും തര്‍ക്കങ്ങളും ഒന്നും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ലെന്നും ലോകോത്തര നിലവാരമുള്ള ഒരു കണ്വെന്ഷന് നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് എല്ലാവരും ഇപ്പോള്‍ നിലകൊള്ളുന്നതെന്നും ഫിലിപ്പോസ് വ്യക്തമാക്കി.
ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് ഫോക്കാനയുടെ വിമന്‍സ് ഫോറം പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി പറഞ്ഞു. പ്രവര്‍ത്തനോട്ഘാടനം ആരംഭിക്കും മുന്‍പു തന്നെ ഉജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ച്ച വച്ചുകൊണ്ടാണ് വിമന്‍സ് ഫോറം വരവ് അറിയിച്ചത്. പ്രശസ്ത മന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവന്തപുരത്തെ കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന മാജിക്ക് അക്കാഡമിയിലെ ഡിഫറെന്റ് ആര്‍ട്സ് സെന്ററിലുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് അത്താണിയായിക്കൊണ്ടാണ് വിമന്‍സ് ഫോറം മാതൃത്വ സ്നേഹം പ്രകടിപ്പിച്ചത്. 100 പരം അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ തയ്യല്‍ മിഷനുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത ഒരു ബാഹൃത്തായ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് ഫൊക്കാന വിമന്‍സ് ഫോറം ആയിരുന്നു. ഇതോടെ യാതൊരു വരുമാന മാര്ഗവുമായില്ലാതിരുന്ന അമ്മമാര്‍ക്ക് സ്വന്തമായി വരുമാനം ലഭിച്ചുതുടങ്ങിയതായി ഡോ.കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമന്‍സ് ഫോറം കമ്മിറ്റിയാണ് ഇക്കുറി രൂപീകരിച്ചിട്ടുള്ളത്. 150ല്‍ പരം അംഗങ്ങളുള്ള നാഷണല്‍ കമ്മിറ്റിയും അതിനു പുറമെ ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനം ലോക വ്യാപകമാക്കികൊണ്ട് ഇന്റര്‍നാഷണല്‍ കമ്മിറ്റിക്കും രൂപം നല്‍കിയതായി കല പറഞ്ഞു.
ഫൊക്കാനയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ഒരു വിസ്മയ കലാവിരുന്നാണ് ഒര്‍ലാണ്ടോയില്‍ കരുതി വച്ചിരിക്കുന്നതെന്ന് ഫൊക്കാന കണ്വെന്ഷന് ചെയര്മാന് ചാക്കോ കുര്യന് പറഞ്ഞു. യൂണിവേഴ്സല്‍ പ്രവേശനകവാടത്തിനു തൊട്ടടുത്തു തന്നെയുള്ള സ്റ്റാര്‍ ഹോട്ടല്‍, ഡിസ്നി സന്ദര്‍ശനത്തിനുള്ള അവസരം തുടങ്ങി മാസ്മരിക കലാവിരുന്നുകളുടെ മേള സമന്യയമായിരിക്കും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി കരുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യ്കതമാക്കി. ഇത്തവണ കണ്‍വെന്‍ഷനില്‍ കൂടുതല്‍ അന്താരാഷ്ട്ര പ്രതിനിത്യം ഉണ്ടാകുന്ന വിധത്തിലാണ് കണ്വെന്ഷന് ക്രമീകരണങ്ങള്‍ നടക്കുന്നതെന്ന് കണ്വെന്ഷന് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള അതിഥികള്‍ക്കു പുറമെ ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പകെടുക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്ലോറിഡ കണ്വെന്ഷന് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കണ്വെന്ഷന് പേട്രണ്‍ ഡോ. മാമ്മന്‍ സി. ജേക്കബ് പറഞ്ഞു. ഫ്ലോറിഡയില്‍ നിന്ന് മാത്രം വളരെ നല്ല രീതിയിലുള്ള സ്പോണ്‍സര്‍ഷിപ്പും രെജിസ്ട്രേഷനും ലഭിച്ചു കഴിഞ്ഞു.
ഒര്‍ലാണ്ടോ കണ്വെന്ഷന് കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കാനുള്ള പ്രാരംഭപ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ഫ്ലോറിഡ ആര്. വി.പി. കിഷോര്‍ പീറ്റര്‍ പറഞ്ഞു. രെജിസ്ട്രേഷന് കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫ്ളോറിഡയില്‍ നിന്ന് മാത്രം ഇതിനകം വലിയ തോതിലുള്ള രെജിസ്ട്രേഷനുകളും മികച്ച സ്പോണ്‍സര്‍ഷിപ്പുകളും ലഭിച്ചുകഴിഞ്ഞു. ചിക്കാഗോയില്‍ നടന്ന കണ്വെന്ഷന് രെജിസ്ട്രേഷന് കിക്ക് ഓഫ് ചടങ്ങില്‍ ലഭിച്ച വലിയ സ്പോന്സര്ഷിപ്പുകള്ക്ക് പുറമെയാണ് ഫ്ലോറിഡയിലെ ടാമ്പയില്‍ നിന്ന് മാത്രം ഒന്നേകാല്‍ ലക്ഷം ഡോളറിനു മുകളില്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചതെന്നും കിഷോര്‍ ചൂണ്ടിക്കാട്ടി.
ഈ ആഴ്ച്ച നടക്കാനിരിക്കുന്ന ഒര്‍ലാണ്ടോ മേഖല രെജിസ്ട്രേഷന് കിക്ക് ഓഫിന് പുറമെ, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ടെക്സസ്, കാലിഫോര്‍ണിയ മാസച്ചൂസസ് തുടങ്ങിയ പ്രധാന മേഖലരാജ്യത്തെ മറ്റു പ്രധാന മേഖലകളിലും കണ്വെന്ഷന് കിക്ക് ഓഫ് നടക്കാനിരിക്കെ ഒരു വലിയ കണ്വെന്ഷന് മാമാങ്കം തന്നെ ആയിരിക്കുമെന്ന് വൈസ് പ്രസിഡന്റ് തോമസ് തോമസ് പറഞ്ഞു.
കണ്വെന്ഷന് കിക്ക് ഓഫുകളില്‍ ലഭിച്ചു വരുന്ന പിന്തുണയുടെ ആവേശത്തിലാണ് സംഘാടകര്‍. കോവിഡ് പ്രതിസന്ധിമൂലം ന്യൂജേഴ്സിയില്‍ നടക്കേണ്ടിയിരുന്ന കണ്വെന്ഷന് റദ്ധാക്കിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇത്തവണത്തെ ഒര്‍ലാണ്ടോ കണ്വെന്ഷന് വഴി സാധ്യമാകുമെന്നും സംഘാടകര്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. ചിക്കാഗോയില്‍ നിന്നുമുള്ള കലാകാരന് കൂടിയായ ജോര്‍ജ് പണിക്കര്‍ കണ്വെന്ഷന് ആശംസകള്‍ നേരുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
മൂന്ന് പ്ലാറ്റിനം സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെ 50 പേര് ഈ കണ്വെന്ഷന് രെജിസ്റ്ററേഷന് കിക്ക് ഓഫ് ചടങ്ങില്‍ വച്ച് കണ്വെന്ഷന് രജിസ്റ്റര്‍ ചെയ്തു. ഫൊക്കാനാ വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ബിജൂ കൊട്ടാരക്കര, നാഷനല്‍ കമ്മറ്റി അംഗം ജോര്‍ജ് പണിക്കര്‍, കണ്വെന്ഷന് കോര്‍ഡിനേറ്റര്‍ ലീലാ മാരേട്ട്, ഫൊക്കാന കണ്വെന്ഷന് കോ. ചെയര്‍ ജോണ്‍ കല്ലോലിക്കല്‍, പ്ലാറ്റിനം സ്പോണ്‍സര്‍മാരായ പി. വി. ചെറിയാന്, മാത്യു മുണ്ടിയാംകല്‍, ഡോ. സ്റ്റീവ് ബേദി, ഗോള്‍ഡന്‍ സ്പോണ്സര് ടോമി മൈലകറപുറത്ത്എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചു.ഫൊക്കാന ഫ്ലോറിഡ ആര്. വി. പി. കിഷോര്‍ പീറ്റര്‍ സ്വാഗതവും ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.
മുന്‍ ആര് വി പി ജോണ്‍ കല്ലോലിക്കലിന്റെ ആമുഖ പ്രസംഗത്തോടെയാണ് കിക്ക് ഓഫ് മീറ്റിംഗ് ആരംഭിച്ചത്. കിഷോര്‍ പീറ്റര്‍ ആയിരുന്നു അവതാരകന്. സ്മിത പ്രാര്‍ത്ഥന ഗാനം ആലപിച്ചു. റോണിയ പതിയില്‍, പ്രദീപ് നാരായണന്, രതീഷ്, ഡോ. കല ഷഹി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് കിഷോര്‍ പീറ്ററിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് രെജിസ്ടര്‍ഷന്‍ കിക്ക് ഓഫിന് ചുക്കാന്‍ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: