തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വേണ്ടപ്പെട്ടവര്‍ക്ക് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനായി നീക്കം നടത്തുന്നതായി ആരോപണം. ദേവസ്വം ബോര്‍ഡില്‍ സ്ഥാനക്കയറ്റത്തിനായുള്ള ഓഫീസേഴ്‌സ് ടെസ്റ്റിന്റെ ഉത്തരക്കടലാസില്‍ വേണ്ടപ്പെട്ടവര്‍ക്കായി വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നാണ് ആരോപണം.
പരീക്ഷയ്‌ക്കെത്തിയവരില്‍ വേണ്ടപ്പെട്ടവരെ തിരിച്ചറിയുന്നവര്‍ക്ക് കോഡ് നല്‍കുകയും, ഇത് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി പരീക്ഷ വിജയിപ്പിക്കാനുമാണ് നീക്കം. ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പരുണ്ടെങ്കിലും പരീക്ഷാര്‍ത്ഥിയെ തിരിച്ചറിയാനായി സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം എന്നീ കോഡുകള്‍ നല്‍കിയിട്ടുണ്ട്. മംഗളമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇത് കൂടാതെ പരീക്ഷ നടന്നപ്പോള്‍തന്നെ ദേവസ്വം കമ്മിഷണറേറ്റിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പരീക്ഷാര്‍ത്ഥികളുടെ കൈപ്പടയും നമ്പരും പേരുമൊക്കെ ശേഖരിച്ചതായി ആരോപണമുണ്ട്. ഉത്തരക്കടലാസ് പരിശോധനാക്രമക്കേടിലൂടെ ഇഷ്ടക്കാര്‍ക്കു സ്ഥാനക്കയറ്റം നന്‍കാനുള്ള നീക്കത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നതോദ്യോഗസ്ഥരാണെന്നാണ് ആരോപണം.
കഴിഞ്ഞദിവസം നന്ദന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു ദേവസ്വം ഓഫീസേഴ്സ് ടെസ്റ്റ് നടത്തിയത്. ഡിഒടി-1, ഡിഒടി-2, മതം എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരവൂര്‍ മുതല്‍ പാറശാല വരെയുള്ള ദേവസ്വങ്ങളില്‍ പുതുതായി ജോലിക്കു കയറിയ 250-ല്‍ ഏറെ എല്‍ഡി ക്ലര്‍ക്കുമാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും മറ്റ് ജീവനക്കാരും പരീക്ഷയെഴുതി.
ദേവസ്വം മാന്വലില്‍നിന്നും മുന്‍കൂട്ടി പ്രസിദ്ധീകരിച്ച മതഗ്രന്ഥങ്ങളില്‍നിന്നുമാണ് പരീക്ഷാര്‍ത്ഥികള്‍ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഡെപ്യൂട്ടേഷനില്‍ വന്നയാളാണ് ഫസ്റ്റ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍. എന്നാല്‍ ദേവസ്വം വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പരിജ്ഞാനക്കുറവ് മുതലെടുത്ത് മറ്റൊരു ഉദ്യോഗസ്ഥനാണ് ഉത്തരക്കടലാസ് പരിശോധിക്കുന്നതെന്നാണ് സൂചന. സെക്കന്‍ഡ് പേപ്പര്‍ നോക്കുന്ന ഉദ്യോഗസ്ഥനാരെന്ന വിവരം ചിലര്‍ നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. മതവിഷയം നോക്കുന്നത് 70 വയസ് പിന്നിട്ടിട്ടും ഓണറേറിയം വ്യവസ്ഥയില്‍ ജോലിയില്‍ തുടരുന്നയാളാണ്. ക്രമക്കേടിനെതിരേ സര്‍ക്കാരിനെയും ഹൈക്കോടതിയേയും സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക