തിരുവനന്തപുരം: നെറ്റ്ഫ്ളിക്സിന് വേണ്ടാത്ത സിനിമ തിയേറ്ററിലേക്ക് കൊണ്ടുവരുമ്പോള്‍, തിയേറ്ററിനെ രക്ഷിക്കാനെന്ന് കള്ളം പറയുകയാണെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സംവിധായകന് പ്രിയദര്ശന്. നെറ്റ്ഫ്ളിക്സ് എടുക്കാത്ത സിനിമ തിയേറ്ററിലേക്ക് എന്ന തന്റെ പരാമര്‍ശം കുറുപ്പ് എന്ന സിനിമയെ കുറിച്ചല്ലെന്ന് പ്രിയദര്ശന് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു പ്രിയദര്ശന് വിവാദമായ പരാമര്‍ശം നടത്തിയത്. ‘ചില ആളുകളൊക്കെ സിനിമയെടുക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സിന് വില്ക്കാന് പറ്റാത്ത സിനിമകളൊക്കെ കൊണ്ടുവന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ട് പറയുന്നുണ്ട്, ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങിച്ചത് തിയേറ്ററുകാരെ സഹായിക്കാനാണെന്ന്. അതൊന്നും ശരിയല്ല’, എന്നായിരുന്നു പ്രിയദര്ശന് നടത്തിയ പരാമര്‍ശനം. ഇതിനു പിന്നാലെ പ്രസ്താവന വലിയ തോതില്‍ വിവാദമാകുകയായിരുന്നു. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് എന്ന ചിത്രത്തെക്കുറിച്ചായിരുന്നു പ്രിയദര്ശന് പരാമര്‍ശം നടത്തിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇതോടെയാണ് പ്രിയദര്ശന് വിശദീകരണവുമായി രംഗത്തെത്തിയത്.
‘ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് നല്‍കിയിരിക്കുകയാണെന്ന് പ്രിയദര്ശന് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: