കൊല്ലം: പട്ടാഴിയില്‍ 100 വയസുകാരിയായ വൃദ്ധയുടെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. സംഭവത്തില്‍ മക്കള്‍ക്കെതിരെ കേസെടുത്തേക്കും. കഴിഞ്ഞ ദിവസം രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊവിഡ് ബാധിതയായിരുന്ന ജാനകിയമ്മയുടെ മരണ വിവരം പുറത്തറിയാന്‍ വൈകിയത് ബന്ധുക്കളുടെ അശ്രദ്ധയാണെന്നും പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ആലോചിക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുന്നിക്കോട് പോലീസ് അറിയിച്ചു.
ജാനകിയമ്മയുടെ ആറു മക്കളില്‍ മൂന്നുപേര്‍ ജീവിച്ചിരിപ്പുണ്ട്. മരുമക്കളും ചെറുമക്കളും ഉള്‍പ്പെടെ മറ്റ് ബന്ധുക്കളും സമീപമാണ് താമസം. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു ജാനകിയമ്മയുടെ താമസം. ഇയാൾ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മക്കളോ മറ്റ് ബന്ധുക്കളോ അമ്മയുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.
രണ്ടുമുറിയും ഇറക്കുകളുമുള്ള പഴയവീട്ടിലെ മലിനമായ മുറിയിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: