ഡോ. ആര്. ചന്ദ്രബാബു
കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
കേരളം പിറന്നിട്ട് 65 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് നീണ്ട ആറര പതിറ്റാണ്ടുപിന്നിട്ടിരിക്കുന്നു. കൃഷി അനുബന്ധ മേഖലകള്‍ ഇന്നും ജനങ്ങളുടെ മുഖ്യവരുമാന സ്രോതസ്സാണെന്നത് ഏറെ അഭിമാനകരമാണ്. കൃഷിയില്‍ നിന്നുള്ള വരുമാനം തന്നെയാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ഓരോ കേരളീയനും ലഭിക്കുന്ന പരിഗണനയ്ക്ക് പിന്നില്‍ കാര്‍ഷിക വൃത്തിയില്‍ നിന്നുളള വരുമാനവും ഒരു കൈത്താങ്ങായിട്ടുണ്ട്.
ധാന്യവിളകളില്‍ അധിഷ്ഠിതമായ മറ്റു സംസ്ഥാനങ്ങളിലെ കൃഷിരീതികളില്‍ നിന്ന് തുലോം വ്യത്യസ്തമാണ് കേരളത്തിലെ കൃഷി രീതികള്‍. മലനാട്, ഇടനാട്, തീരപ്രദേശങ്ങള്‍ എന്നിങ്ങനെ നിരപ്പല്ലാത്ത ഭൂപ്രകൃതിയും രണ്ട് മണ്സൂണുകളും ആണ് കേരളത്തിലെ കാര്‍ഷിക മേഖലയെ അതിസൂക്ഷ്മമായി സംവിധാനം ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന ജനസാന്ദ്രതയുള്ളത് കാരണം ആളോഹരി കൃഷിഭൂമിയുടെ അളവും താരതമ്യേന കുറവാണ്. ഇത്തരം സാഹചര്യത്തിലാണ് തെങ്ങ്, റബ്ബര്‍ തുടങ്ങിയ ഉദ്യാന – തോട്ട വിളകളിലധിഷ്ഠിതമായ ഒരു കൃഷി സമ്പ്രദായം കേരളത്തില്‍ സാര്‍വത്രികമായത്. ഒരു നിശ്ചിത അളവ് ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ ഇത്തരം വിളകളുടെ കൃഷിയിലൂടെ സാധിക്കും. വളര്‍ത്തു മൃഗപരിപാലനവും കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നുണ്ട്.
അധ്യാപനം – ഗവേഷണം – വിജ്ഞാന വ്യാപനം എന്നീ മൂന്ന് അടിസ്ഥാന ശിലകളിലൂന്നി പ്രവര്‍ത്തിക്കുന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് സംസ്ഥാനത്തിന്റെ കാര്‍ഷിക വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഉമ, ജ്യോതി തുടങ്ങിയ മുന്തിയ ഇനം നെല്‍വിത്തിനങ്ങള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സംഭാവനയാണ്. ലോകത്തിലെ തന്നെ ആദ്യ സങ്കരയിനം കുരുമുള കായ പന്നിയൂര്‍- 1 സംസ്ഥാനത്തെ കര്‍ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുളള ഒരിനമാണ്. രോഗ-കീട നിയന്ത്രണങ്ങള്‍ക്കായി കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച വിവിധ സാങ്കേതിക വിദ്യകള്‍ എല്ലാം തന്നെ നമ്മുടെ കര്‍ഷകര്‍ ഏറ്റെടുത്തു. കേരളത്തില്‍ കൃഷി ചെയ്യുന്ന വിളകളുടെയെല്ലാം ശാസ്ത്രീയവും ജൈവരീതിയിലുള്ള കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുമുളള സമഗ്രമായ ശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് വേണ്ടി കാര്‍ഷിക സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നുണ്ട്. കര്‍ഷകരുടെ ആവശ്യപ്രകാരം അവരുടെ കൃഷിയിടങ്ങള്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന പദ്ധതി നിലവിലുണ്ട്. അതോടൊപ്പം സാങ്കേതികവിദ്യാ കൈമാറ്റത്തിനായി സംസ്ഥാനത്തെ 152 ബ്ളോക്കുകളിലേക്കും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ശാസ്ത്രജ്ഞരെ നിയോഗിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് കൈത്താങ്ങ്
സംസ്ഥാന സര്‍ക്കാരിന്റെയും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലൂടെ കേന്ദ്രസര്‍ക്കാരിന്റെയും ഫണ്ടുകള്‍ ഉപയോഗിച്ചാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ അധ്യാപന – ഗവേഷണ – വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഐസിഎആര്‍ പൂര്‍ണ്ണമായും സാമ്പത്തിക സഹായം നല്കുന്ന സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഏഴ് കൃഷി വിജ്ഞാന കേന്ദ്രങ്ങളിലൂടെയും കര്‍ഷകര്‍ക്കിടയിലേക്ക് അതിവേഗം സാങ്കേതികവിദ്യാ കൈമാറ്റം നടക്കുന്നുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയുടെ ശ്രമഫലമായിട്ടാണ് ചെങ്ങാലിക്കോടന് നേന്ത്രവാഴ, കുറ്റിയാട്ടൂര്‍ മാങ്ങ തുടങ്ങി സംസ്ഥാനത്തിന്റെ തനതായ കാര്‍ഷിക വിളകള്‍ക്ക് ഭൗമസൂചികാ പദവി ലഭ്യമായത്. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംരംഭകര്‍ക്ക് കൈമാറാന്‍ 75 ലധികം സാങ്കേതികവിദ്യകള്‍ സര്‍വ്വകലാശാല തയ്യാറാക്കിയിട്ടുണ്ട്. ബിരുദ-ബിരുദാനന്തര-ഗവേഷണ വിദ്യാര്‍ത്ഥികളായി ഓരോ വര്‍ഷവും ആയിരത്തോളം കാര്‍ഷിക സാങ്കേതിക വിദഗ്ധര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ഇവരിലൂടെയെല്ലാം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏറ്റവും നവീനമായ സാങ്കേതിക വിദ്യകള്‍ എത്തിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് കഴിയുന്നുണ്ട്. സംസ്ഥാന കൃഷി വകുപ്പിലെ സിംഹഭാഗം സാങ്കേതിക ഉദ്യോഗസ്ഥരും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണെന്നതും സര്‍വ്വകലാശാലക്ക് ചാരിതാര്‍ത്ഥ്യം പകരുന്നു.
കാലാവസ്ഥാ വ്യതിയാനം, വര്‍ദ്ധിക്കുന്ന ജനസാന്ദ്രത, കൃഷി ഭൂമിയുടെ ദൗര്‍ലഭ്യം, മാറുന്ന ജീവിതശൈലി എന്നിവയ്ക്കെല്ലാം അനുസൃതമായി സംസ്ഥാനത്തെ കാര്‍ഷിക രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. പുതിയ വിളകളും, കാര്‍ഷിക സമ്പ്രദായങ്ങളും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പരിചിതമായിക്കഴിഞ്ഞു. മൂല്യ വര്‍ദ്ധനവിലൂടെയും കൂലി കുറയ്ക്കുന്നതിലൂടെയും കൃഷി ലാഭകരമാക്കാനുള്ള വിദ്യകള്‍ കര്‍ഷകരുടെ പക്കല്‍ ഇന്നുണ്ട്. പുതിയ ഇനം രോഗങ്ങളും, കീടങ്ങളും വെല്ലുവിളികളായി മാറുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി നിന്നുകൊണ്ട് അവരുടെ അഭിവൃദ്ധിക്ക് ആവശ്യമായ എല്ലാവിധ ഉപദേശങ്ങളും, സഹായങ്ങളും, സാങ്കേതിക വിദ്യകളും യഥാസമയം നല്കുവാന് എന്നും കേരള കാര്‍ഷിക സര്‍വ്വകലാശാല കൂടെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: