ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 120 ബില്ല്യൺ പുനരധിവാസ പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇമ്രാന് രാജിവെയ്ക്കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
പണപ്പെരുപ്പത്തില്‍ ഞെരുങ്ങുന്ന ജനങ്ങളെ സഹായിക്കാന്‍ നെയ്യ്, പയര്‍വര്‍ഗങ്ങള്‍, ധാന്യമാവ് എന്നിവയ്ക്ക് 30 ശതമാനം സബ്സിഡി നല്‍കുന്നതാണ് ഇമ്രാന് ഖാന് പ്രഖ്യാപിച്ച 120 ബില്ല്യണ്‍ രൂപയുടെ പാക്കേജ്. ദേശീയ ടെലിവിഷനില്‍ ജനങ്ങളെ പറ്റിയ്ക്കുന്ന പാക്കേജ് അവതരിപ്പിച്ച ഇമ്രാന് ഖാന് രാജിവെയ്ക്കണമെന്ന് പിഎംഎല്‍ എന്‍ നേതാവ് മറിയും ഔറംഗസേബ് ആവശ്യപ്പെട്ടു.
ഇമ്രാന്റെ 120 ബില്ല്യൺ രൂപയുടെ സഹായപാക്കേജ് നുണകളുടെ കൂമ്പാരമാണെന്ന് പി എം എൽ എൻ നേതാവ് ഷഹബാസ് ഷെരീഫ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികൾ ഇതുവരെ തുടങ്ങി വെക്കാൻ പോലും സാധിച്ചിട്ടില്ല. പിന്നെ ഈ പാക്കേജ് എങ്ങനെ നടപ്പിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.
പെട്രോൾ വില വർദ്ധിപ്പിച്ച് വികസനം നടപ്പിലാക്കുമെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. ഇത് ഏത് തരം ജനക്ഷേമമാണെന്ന് ജനങ്ങൾ ചിന്തിക്കണം. രാജ്യത്ത് പണപ്പെരുപ്പം ഇടത്തരക്കാരന്റെ നട്ടെല്ലൊടിക്കുകയാണെന്നും ഷെരീഫ് പറഞ്ഞു.വായ്പ നൽകണമെങ്കിൽ നികുതി വർദ്ധിപ്പിക്കണമെന്നാണ് ഐ എം എഫ് പറയുന്നത്. ഇമ്രാൻ അതിന് സമ്മതം മൂളുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകും. ഈ നികുതിഭാരമൊക്കെ ചുമക്കുന്ന ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയാൽ ഇമ്രാൻ ഭരണകൂടം നിലം പരിശാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പാകിസ്ഥാനെ ദുരിതത്തിലാഴ്ത്തിയ സാമ്പത്തിക പ്രതിസന്ധിയ്ക്കും പണപ്പെരുപ്പത്തിനും ഇമ്രാന്ഖാന് ജനങ്ങളോട് മാപ്പ് ചോദിക്കണമെന്ന് പിപിപി നേതാവ് ഷെറി റഹ്മാന് ആവശ്യപ്പെട്ടു. ഗ്യാസ് വില വര്‍ധനയ്ക്കും പണപ്പെരുപ്പത്തിനും കാരണം മുന്‍ സര്‍ക്കാരുകളും വിദേശരാഷ്ട്രങ്ങളും ആണെന്ന അമ്പരപ്പിക്കുന്ന പ്രസംഗമാണ് ഇമ്രാന് ഖാന് നടത്തിയതെന്നും ഷെറി റഹ്മാന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: