ന്യൂദല്‍ഹി: കശ്മീര്‍ ജനതയെ മുഖ്യ ജീവിതധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതുതായി ആരംഭിച്ച ശ്രീനഗര്‍-ഷാര്‍ജ വിമാനം പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ. നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പാകിസ്ഥാന്റെ സമ്മതം വാങ്ങാനാണ് വ്യോമയാന മന്ത്രാലയം ശ്രമിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഇതിന് വേണ്ടി പ്രത്യേകം മുന്‍കയ്യെടുക്കുന്നുണ്ട്.
സാധാരണ ജനങ്ങളുടെ വിശാലതാല്പര്യം കണക്കിലെടുത്ത് അനുമതി നല്‍കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇമ്രാന്ഖാന് സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ ഷാര്‍ജ-ശ്രീനഗര്‍ വിമാനം പാകിസ്ഥാന് വ്യോമപാത ഉപയോഗിക്കുന്നില്ല. പകരം ഉദയ്പൂര്‍, അഹമ്മദാബാദ് വഴി ഒമാന്‍ മുകളിലൂടെ പറന്നാണ് വിമാനം ഷാര്‍ജയില്‍ എത്തിച്ചേരുന്നത്. ഇത് ഒന്നര മണിക്കൂര്‍ കൂടുതല്‍ എടുക്കുന്നുണ്ട്. ചെലവും കൂടുതലാണ്. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഭാരിച്ച അധികച്ചെലവും സമ്പന്നരായ യാത്രക്കാര്‍ക്ക് അധികസമയയാത്രയും ബുദ്ധിമുട്ടാകുന്നുണ്ട്.
ശ്രീനഗര്‍-ഷാര്‍ജ ഫ്ളൈറ്റ് നടത്തുന്ന ഗോ ഫസ്റ്റിന് സര്‍വ്വീസ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യനാല് ദിവസങ്ങളില്‍ (ഒക്ടോബര്‍ 23, 24,26, 28 തീയതികളില്‍) പാകിസ്ഥാന് വ്യോമപാത ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒക്ടോബര്‍ 31 മുതല്‍ നവമ്പര്‍ 30 വരെ ഇതിനുള്ള അനുമതി പാകിസ്ഥാന് മരവിപ്പിച്ചു.
ഒക്ടോബര്‍ 23നാണ് ശ്രീനഗര്‍-ഷാര്‍ജ വിമാനസര്‍വ്വീസ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിലെ ഷേഖ് ഉല് അലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്തത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കശ്മീരും ഷാര്‍ജയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ജമ്മുകശ്മീരില്‍ വികസനം കൊണ്ടുവരുന്നതോടൊപ്പം ഈ പ്രദേശത്തെ മുഖ്യജീവിതധാരയിലേക്ക് കൊണ്ടുവരലും കേന്ദ്രസര്‍ക്കാരിന്റെ രണ്ട് ലക്ഷ്യങ്ങളാണ്. നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഇന്ത്യ-ദുബായ് സര്‍വ്വീസും പാകിസ്ഥാന് വ്യോമപാത നിഷേധിച്ചതിന്റെ ഭാഗമായി നിര്‍ത്തിവെയ്ക്കേണ്ടതായി വന്നിരുന്നു.
ജമ്മുകശ്മീരിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും ടൂറിസം വളര്‍ത്താനും വേണ്ടിയാണ് ശ്രീനഗര്‍-ഷാര്‍ജ വിമാനസര്വ്വീസെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: