ന്യൂദല്‍ഹി: ക്രൂഡ് ഓയില്‍ ഉപഭോഗ രാജ്യങ്ങളുടെ ആവശ്യം ഒപെക് തള്ളി. രാജ്യാന്തര വിപണിയിലെ എണ്ണ വില കുറയുന്നതിനുള്ള സാധ്യത മങ്ങുന്നു. ക്രൂഡ് ഓയില്‍ ഉല്പാദനം നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രം വര്‍ധിപ്പിച്ചാല്‍ മതിയെന്ന തീരുമാനം അനുസരിച്ച് അടുത്ത മാസം മുതല്‍ പ്രതിദിനം 4 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്പാദിപ്പിക്കും.
അസംസ്കൃത എണ്ണവില കുതിച്ചു ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദം തള്ളിയാണ് ഉല്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടെന്ന ഒപെകിന്റെ തീരുമാനം. മുമ്പ് നിശ്ചയിച്ചതുപ്രകാരം ഡിസംബര്‍ മുതല്‍ ഓരോ ദിവസവും നാലു ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്പാദിപ്പിക്കുമെന്നും തീരുമാനിച്ചു. ഈ അളവ് കൂട്ടണമെന്ന ആവശ്യമാണ് ഒപെക് നിരസിച്ചത്. അടുത്ത വര്‍ഷം ഡിസംബര്‍ വരെ ഇതേ നിലവാരത്തിലായിരിക്കും ഉല്പാദനമെന്നും ഒപെക് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ എണ്ണവില കുറയില്ലെന്നാതാണ് സാഹചര്യം. എണ്ണ ഉപഭോഗം കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഉയരുമെന്നതിനാല്‍ ഉല്പാദനം കൂട്ടണമെന്നായിരുന്നു എണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്കും എണ്ണയുടെ ആവശ്യഗത കുറയാന്‍ സാധ്യതയുള്ളതിനാലാണ് ഉല്പാദനം കൂട്ടാത്തതെന്നാണ് ഒപെകിന്റെ ന്യായം.
നിലവില്‍ 99 ദശലക്ഷം ബാരലാണ് പ്രതിദിന ആഗോള ഉപഭോഗം. ഇത് കോവിഡിന് മുന്‍പുള്ള 100 ദശലക്ഷം ബാരലെന്ന നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇന്ധവില വര്‍ധിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: