ഡെറാഡൂണ്‍: പുനര്‍നിര്‍മിച്ച ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള സമാധി പീഠത്തിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലാണ് 35 ടണ്‍ ഭാരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ എട്ടരയോടെ കേഥാര്‍നാഥിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷമാണ് ആദിശങ്കര സമാധി പീഠം പ്രതിമ അനാച്ഛാദനം ചെയ്തത്.
2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ തകര്‍ന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് ഇപ്പോള്‍ വീണ്ടും പുനര്‍ നിര്‍മിച്ചിരിക്കുന്നത്. കേദാര്‍നാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍ പ്രത്യേക രൂപരേഖയിലാണ് പുതിയ പ്രതിമ തയ്യാറാക്കിയിരിക്കുന്നത്.
ആദി ശങ്കരാചാര്യരുടെ പ്രതിമ നിര്‍മാണത്തിനായി വിവിധ ശില്‍പികള്‍ നിരവധി മാതൃകകള്‍ നല്‍കിയിരുന്നു. അത്തരം 18 മാതൃകകളില്‍ നിന്ന് പ്രധാനമന്ത്രി ഈ മാതൃക തിരഞ്ഞെടുക്കുകയായിരുന്നു. മൈസുരുവിലെ ശില്‍പിയായ അരുണ്‍ യോഗിരാജാണ് ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. പ്രതിമ നിര്‍മാണത്തിനായി 9 പേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിച്ചത്. 2020 സെപ്തംബറില്‍ ആരംഭിച്ച പ്രതിമയുടെ നിര്‍മാണം ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്നു. ഈ വര്‍ഷം സെപ്തംബറില്‍ പ്രതിമ മൈസൂരുവില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ചിനൂക്ക് ഹെലികോപ്ടറിലാണ് കൊണ്ടു പോയത്. കൃഷ്ണ ശില എന്നറിയപ്പെടുന്ന കറുത്ത കല്ലു കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
പ്രതിമ നിർമാണത്തിനായി തെരഞ്ഞെടുത്തത് 130 ടണ്‍ ഭാരമുള്ള ശിലയാണ്. ഇതില്‍ നിന്നുമാണ് 35 ടണ്‍ ഭാരവും 12 അടി ഉയരവുമുള്ള പ്രതിമ കൊത്തിയെടുത്തത്. നിര്‍മാണ സമയത്ത് പാറയില്‍ ധാരാളം തേങ്ങ വെള്ളം ഉപയോഗിച്ചിരുന്നു. പ്രതിമയ്‌ക്ക് തിളക്കം കൂട്ടാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. അദേഹം രാജ്യത്തിനു പകര്‍ന്നു തന്ന തെളിച്ചത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ തെളിച്ചം.പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെയും ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് സമാധിയുടെ നിര്‍മിതി.
130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്‌നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍,പോലീസ് സ്‌റ്റേഷന്‍, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായാണ് കേദാര്‍പുരി പുനര്‍നിര്‍മ്മാണം കണക്കാക്കപ്പെടുന്നത്. കൃത്യമായ ഇടവേളകളില്‍ അതിന്റെ പുരോഗതി വ്യക്തിപരമായി തന്നെ അദേഹം അവലോകനം ചെയ്തിരുന്നു. പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ അദേഹം കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ സന്ദര്‍ശനമാണ് ഇന്നത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: