തിരുവനന്തപുരം : ഇന്ധന നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ കുറവ് കേരളത്തിലും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പെട്രോളിനും ഡീസലിനും സംസ്ഥാനം ഈടാക്കുന്ന നികുതിയില്‍ കുറവ് വരുത്തില്ലെന്ന് ഉറപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
യുഡിഎഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില നിര്‍ണ്ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 2011- 12ല്‍ 3138 കോടി രൂപയായിരുന്ന നികുതി വരുമാനം 2015- 16 ആയപ്പോള്‍ 6100 കോടി രൂപയായി വര്‍ധിച്ചു. 94 ശതമാനമായിരുന്നു വര്‍ധന. 2016- 17ല്‍ ഇടത് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ വര്‍ധന 15 ശതമാനം മാത്രമായിരുന്നു. 7907 കോടി മാത്രമായിരുന്നു നികുതി വരുമാനമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതുകൊണ്ടാണ് ഈ വരുമാനനഷ്ടം ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചിരുന്നു. ഇതോടെ വിഷയത്തില്‍ സംസ്ഥാനത്തിന് മേലും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും കേരളത്തില്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി അറിയിക്കുകയായിരുന്നു.
കോവിഡ് കാലത്ത് മിക്ക സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചു. കോവിഡ് സെസ് അഞ്ച് ശതമാനത്തോളം അസം വര്‍ധിപ്പിച്ചു. കേരളം അത്തരം നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും മന്ത്രി ന്യായീകരിച്ചു കോവിഡ് സമയത്ത് എല്ലാവര്ക്കും സൗജന്യമായി ഭക്ഷണമെത്തിക്കാനും ചികിത്സ എത്തിക്കാനും കേരളം ശ്രമിച്ചിരുന്നു. ഇതുള്‍പ്പെടെ വലിയ ബാധ്യതയാണ് സര്‍ക്കാര്‍ വഹിക്കുന്നത്.
ഇന്ത്യയില്‍ ഓയില്‍ പൂള് അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്മോഹന് സിങ് ആണെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യല്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തുകയായിരുന്നെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: