കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍. തീയറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകള്‍ എല്ലാംതന്നെ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ തിയറ്ററുടമകള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്‌ക്കാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. തിയേറ്റര്‍ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് തിയേറ്ററുടമകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നല്‍കാന്‍ തയ്യാറാണെന്ന് തിയറ്ററുടമകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തിയറ്ററുടമകള്‍ പറഞ്ഞിരുന്നു.
അതിനിടെ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വിസമ്മതിച്ചു. ഇതേത്തുടർന്ന് യോഗം മാറ്റിവെച്ചു. ഫിലിം ചേമ്പര്‍ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍ സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നുമാണ് പുറത്തുവരുന്ന വിവരം. എല്ലാവര്‍ക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയില്‍ ചര്‍ച്ച നടത്തുമെന്നാണ് പുതിയ അറിയിപ്പ്. കൊല്ലത്തായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്.
ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരയ്‌ക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: