ആലപ്പുഴ: അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പല്ലന സ്വദേശി അനിലിന്റെ മകന്‍ അരുണ്‍ കുമാറിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്.
അയല്‍വാസിയായ ശാര്‍ങ്ങധരനാണ് കുട്ടിയെ മര്‍ദിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ശാര്‍ങ്ങധരന്റെ കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ശാര്‍ങ്ങധരന്‍ കുട്ടിയെ ദേഹമാസകലം മര്‍ദിച്ചുവെന്നാണ് പരാതി. അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റതെന്നും കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമര്‍ദ്ദനമാണ് ശാരങ്ധരന്‍ നടത്തിയതെന്നും അരുണിന്റെ അച്ഛന്‍ പറയുന്നു.
ശാർങ്ധരന്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെ ശാരങ്ധരന്‍ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തുവെന്നും കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വച്ചുവെന്നും അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയതെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു. വിദ്യാര്‍ഥിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. തുടര്‍ ചികിത്സക്കായാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: