തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീർത്ഥാടനകാലം നവംബർ 12 മുതൽ ആരംഭിക്കുന്ന ഘട്ടത്തിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയതായി എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.
നവംബർ 12 മുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം, എന്നിവിടങ്ങളിൽ താത്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുവാൻ ഉത്തരവിറക്കിയിട്ടുണ്ട്. ഉത്സവകാലത്ത് മദ്യവും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും നിർമിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഉപയോഗിക്കുന്നതും തടയുന്നതിനായി വിവിധ ജില്ലകളിൽ നിന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരെ പുതിയ റേഞ്ചുകളിലേക്ക് വിന്യസിക്കും. അവർക്കായിരിക്കും താത്കാലിക റേഞ്ചുകളുടെ ചുമതലയെന്ന് മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർക്ക് മൂന്ന് റേഞ്ചുകളുടെ മേൽനോട്ട ചുമതലയും പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് റേഞ്ചുകളുടെ മൊത്തം ചുമതലയും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റേഞ്ചുകളെയും സെക്ടറുകളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കുവാനാണ് നിർദേശിച്ചിരിക്കുന്നത്. പമ്പ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കും.
ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറെ ഈ ക്രമീകരണങ്ങളുടെയെല്ലാം പൂർണ മേൽനോട്ടം വഹിക്കുവാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: