കൊച്ചി : വഴിതടയല്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും നടന് ജോജു ജോര്‍ജിന്റെ വാഹനവും തകര്‍ത്തെന്ന കേസില്‍ അന്വേഷണം മുറുകിയതോടെ ഒത്തു തീര്‍പ്പ് ശ്രമവുമായി കോണ്‍ഗ്രസ്. ജോജു ജോര്‍ജിന്റെ സുഹൃത്തുക്കള്‍ വഴി സംസാരിച്ച് പ്രശ്നം രമ്യതയില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.
ഗതാഗത തടസ്സമുണ്ടാക്കുകയും ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സമവായത്തിന് നീക്കം തുടങ്ങിയത്. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷ. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല.
അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് മധുര വിതരണം നടത്തിയിരുന്നു. അതിനിടെയാണ് ഖേദ പ്രകടനം നടത്തിയത്.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന് ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് പറയുന്നത്. കേസില്‍ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ. പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പോലീസ് അനുമതി നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: