കോട്ടയം: ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ ഇടവകാംഗങ്ങളുടെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായ നിയമപരിഷ്കരണ കമ്മിഷന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ‘ദ കേരള പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്, ടൈറ്റില്‍, ആന്‍ഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് റൈറ്റ് ഓഫ് വര്‍ഷിപ്പ് ഓഫ് ദ മെംബേഴ്സ് ഓഫ് മലങ്കര ചര്‍ച്ച് ബില്‍ 2020’ എന്നാണ് പേര്. ശിപാര്‍ശ കഴിഞ്ഞദിവസം കമ്മിഷന് വൈസ്ചെയര്‍മാന്‍ കെ. ശശിധരന്‍നായര്‍ നിയമമന്ത്രി പി. രാജീവിന് സമര്‍പ്പിച്ചു. കമ്മീഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.
പള്ളികളുടെയും സ്വത്തുക്കളുടെയും ആരാധനയുടെയും അവകാശം സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ അതോറിറ്റി രൂപീകരിക്കണമെന്നതാണ് കമ്മീഷന് നിര്‍ദ്ദേശങ്ങളില്‍ സുപ്രധാനം. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ നിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അധ്യക്ഷന്‍.
അനുരഞ്ജന ചര്‍ച്ചകള്‍ ഫലവത്താകാത്ത സാഹചര്യത്തിലാണ് ശിപര്‍ശ. 1934ലെ സഭാഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി. ഇത് രജിസ്ട്രേഡ് രേഖയല്ലാത്തിനാല്‍ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തില്‍ ആസ്തി ബാധ്യതകളുടെ അവകാശം ലഭ്യമാകുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. ഭരണപരമായ സൗകര്യത്തിനാണ് ഭരണഘടനയെ അടിസ്ഥാനമാക്കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികള്‍ക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ അവകാശം ഉറപ്പിക്കുന്ന വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളില്‍നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷമെന്ന് തെളിയുന്ന വിഭാഗത്തിന് തുടരുകയോ മറ്റു പള്ളികളില്‍ ചേരുകയോ ചെയ്യാം. പള്ളികളെയും ആരാധനയെയും സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം ആ ഇടവകയിലെ ആര്‍ക്കും ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം നിവേദനം നല്‍കാം. സര്‍ക്കാരാണ് അതോറിറ്റി രൂപീകരിക്കേണ്ടത്. അധ്യക്ഷനുപുറമേ ഇരുവിഭാഗവും നാമനിര്‍ദേശം ചെയ്യുന്ന രണ്ട് പ്രതിനിധികളും ഉണ്ടാകണം. സഭകള്‍ പ്രതിനിധികളെ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനിച്ചില്ലെങ്കില്‍ സര്‍ക്കാരിന് നിയമിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു. ചെയര്‍മാനും, വൈസ് ചെയര്‍മാനും പുറമെ ഡോ. എന്‍.കെ. ജയകുമാര്‍, ലിസമ്മ ജോര്‍ജ്, കെ. ജോര്‍ജ് ഉമ്മന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
കോടതി വിധികള്‍ മറികടക്കരുത്; ഓര്‍ത്തഡോക്സ് സഭ
കോട്ടയം: സഭാതര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണത്തിന് ശ്രമിക്കുന്നത് നിയമപരമായി നിലനില് ക്കില്ലെന്ന് മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. നിയമ പരിഷ്ക്കരണ കമ്മീഷന്റെ പരിധിക്ക് പുറത്തുള്ള ശിപാര്‍ശയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് മനസ്സിലാക്കിയത്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തര്‍ക്കം. ഭരണം നിര്‍വ്വഹിക്കാനുള്ള അടിസ്ഥാനരേഖയായി കോടതി അംഗീകരിച്ചിട്ടുള്ള 1934ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിലപാടുകളാണ് കമ്മീഷന് ശിപാര്‍ശയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനാ പ്രകാരം പള്ളികളില്‍ തെരഞ്ഞെടുപ്പു നടത്താന്‍ സഭ ഒരുക്കമാണ്. ആരാധന നടത്തേണ്ടത് 1934ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വികാരിയാണ്. കോടതി വിധികള്‍ക്കും നിയമത്തിനും മുകളില്‍ ഹിതപരിശോധന ആവശ്യപ്പെടുന്നത് വിഘടനവാദം പ്രോത്സാഹിപ്പിക്കാനാണെന്ന് സംശയിക്കുന്നു. മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകല്പന ചെയ്യാന്‍ ജനാധിപത്യ സര്‍ക്കാര്‍ മുതിരില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
സ്വാഗതാര്‍ഹം: യാക്കോബായ സഭ
കോട്ടയം: പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്ന നിയമ പരിഷ്കരണ കമ്മിഷന് ശുപാര്‍ശ സ്വാഗതം ചെയ്ത് യാക്കോബായ സഭ. സഭയുടെ ഏറെക്കാലമായുള്ള ആവശ്യമാണിതെന്നും നിയമനിര്‍മാണം വഴി തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാനാകുമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. നിയമ പരിഷ്കരണ കമ്മിഷന്റെ പുതിയ ശിപാര്‍ശയെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: