തിരുവനന്തപുരം: സംസ്ഥാനത്തെ യോഗ അധ്യാപക നിയമനത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകളില്‍ നിന്നും യോഗയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ പുറത്ത്. മന്ത്രി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള യോഗ അസോസിയേഷന് ഓഫ് കേരളയുടെ സര്‍ട്ടിഫിക്കറ്റിന് മാത്രം അംഗീകാരം.
കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ യോഗയില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട്. മൂന്നും അഞ്ചും വര്‍ഷമാണ് ദൈര്‍ഘ്യം. പ്രാക്ടിക്കല്‍ അടക്കമുള്ള ഈ പരിശീലനം നേടിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിന് അംഗീകരിക്കില്ല. കേരളത്തില്‍ ഇല്ലാത്ത ബാച്ചിലര്‍ ഓഫ് നാച്യുറോപതി ആന്‍ഡ് യോഗിക് സയന്‍സോ യോഗ അസോസിയേഷന് ഓഫ് കേരളയും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ആറുമാസത്തെ കോഴ്സോ പാസായവര്‍ക്കോ മാത്രമാണ് ഇപ്പോള്‍ നിയമനം. ഇതിനായി കെ.ടി. ജലീല്‍ തദ്ദേശവകുപ്പ് മന്ത്രിയായിരിക്കെ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.
യോഗ അസോസിയേഷന് ഓഫ് കേരളയും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ആറുമാസത്തെ കോഴ്സിന് കൃത്യമായ സിലബസില്ലെന്നും പരീക്ഷ നടത്താതെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നിയമനം കോടതി തടഞ്ഞതോടെ അനധികൃത നിയമനത്തിനായി സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍(എസ്ആര്‍സി) വഴി പുതിയ കോഴ്സ് ആരംഭിച്ചു. യോഗ അസോസിയേഷന് ഓഫ് കേരളയും എസ്ആര്സിയും ചേര്‍ന്ന് ഡിപ്ലോമ ഇന്‍ യോഗ ട്രെയിനിംഗ് (ഡിവൈടി) കോഴ്സിന് അംഗീകാരം നല്‍കാനാണ് പുതിയ ശ്രമം.
എസ്ആര്‍സിയുടെ ഡിവൈടി കോഴ്സിന് ആദ്യം പ്ലസ്ടു ആയിരുന്നു യോഗ്യത. പിന്നാലെ ഇഷ്ടക്കാരെ തിരുകി കയറ്റാനായി അടിസ്ഥാന യോഗ്യത പത്താം ക്ലാസാക്കി. കൂടാതെ രണ്ട് സെമസ്റ്റര്‍ ഉള്ള കോഴ്സില്‍ ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള അവധി ദിവസങ്ങളില്‍ മാത്രമാണ് ക്ലാസ്സ് നടന്നത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ശേഷമാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടത്തിയത്. എസ്ആര്‍സിക്ക് 39 ഫ്രാഞ്ചൈസികള്‍ ഉണ്ടെങ്കിലും സിപിഎം പോഷക സംഘടനയ്ക്കാണ് കോഴ്സ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിനെതിരെ കേരള യോഗ ടീച്ചേഴ്സ് അസോസിയേഷന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: