തിരുവനന്തപുരം: വഴി തടഞ്ഞ് സമരം ചെയ്യുന്നതിലും ചോദ്യം ചെയ്യുന്നവരെ കൈയേറ്റം ചെയ്യുന്നതിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികള്‍. കൊച്ചിയിലെ സമരാഭാസത്തിനിടെ നടന് ജോജു ജോര്‍ജിനെ കൈയ്യേറ്റം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം അധിക്ഷേപം ചൊരിയുന്നത് പരിഹാസ്യമാണെന്നാണ് മുന്‍കാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
2013ല്‍ പൊതുറോഡ് അടച്ചതിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ച സന്ധ്യ എന്ന വീട്ടമ്മയെ സിപിഎം നേരിടാന്‍ ശ്രമിച്ചത് അപവാദപ്രചരണത്തിലൂടെയായിരുന്നു. സോളാര്‍ സമരത്തിന്റെ ഭാഗമായി സിപിഎം നടത്തിയിരുന്ന ഉപരോധത്തില്‍ വഴി മുട്ടിയപ്പോഴാണ് സ്കൂട്ടര്‍ യാത്രക്കാരിയായ സന്ധ്യ പ്രതികരിച്ചത്.
സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ വിവാദമായതോടെ പ്രതിരോധത്തിലായ ഇടതുമുന്നണിക്ക് സമരം അവസാനിപ്പിക്കേണ്ടി വന്നു. പോലീസിനോടും സമരക്കാരോടും ശക്തമായി പ്രതികരിച്ച സന്ധ്യയ്ക്ക് പിന്നീട് കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ താത്കാലിക ജോലിയും നല്കി. അന്ന് സന്ധ്യയെ അഭിനന്ദിച്ച അതേ പാര്‍ട്ടിക്കാരാണ് കൊച്ചിയില്‍ ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തത്.
മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനെ തല്ലി താഴെയിട്ടത് എസ്എഫ്ഐക്കാരാണ്. കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീനിവാസനെ എസ്എഫ്ഐ ജില്ലാ നേതാവായ ശരത് പരസ്യമായി ചെകിട്ടത്തടിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. എസ്എഫ്ഐ നടത്തിയ റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധത്തെത്തുടര്‍ന്നു മടങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു ശ്രീനിവാസന്.
കര്‍ഷകരുടെ പേര് പറഞ്ഞ് ദില്ലി അതിര്‍ത്തിയില്‍ മാസങ്ങളായി ദേശീയപാത അടച്ച് സമരം ചെയ്യുന്ന ഇടനിലക്കാര്‍ക്ക് പിന്തുണ നല്‍കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസും. എംപിയായിരുന്ന രാഗേഷും ബിനോയ് വിശ്വവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ട്രാക്ടര്‍ ഓടിച്ചു പഠിച്ചത് ദേശീയപാത ഉപരോധിച്ചാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ സുപ്രീംകോടതി വരെ ഇടനിലക്കാരുടെ സമരത്തെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: