വനവാസവും രാമരാവണ യുദ്ധവും കഴിഞ്ഞ് സീതാസമേതനായി ഭഗവാന് ശ്രീരാമന് അയോധ്യയിലെത്തുന്നു. രാമനില്ലാതെ, ചൈതന്യമറ്റുപോയ അയോധ്യ വീണ്ടും സനാഥമായി. തോരണങ്ങളാല്‍ അയോധ്യ അലങ്കരിച്ച്, മധുരം വിളമ്പി, ആവലിയായി ദീപം തെളിയിച്ച് അത്യാഹ്ലാദത്തോടെയാണ് പ്രജകള്‍ അയോധ്യാപതിയെ വരവേറ്റത്. ആ ഓര്മ പുതുക്കല്‍ പിന്നീട് ദീപാവലിയായി മാറി. തുലാമാസ അമാവാസിയിലെ ദീപാവലിക്ക് ഐതിഹ്യങ്ങള്‍ പലതുണ്ട്.
പ്രാഗ്ജ്യോതിഷത്തിലെ (ആധുനിക അസം) രാജാവായിരുന്ന നരകാസുരനെ ഭഗവാന് കൃഷ്ണന് വധിച്ചതിന്റെ സ്മരണയായും ദീപാവലി പ്രകീര്‍ത്തിക്കപ്പെടുന്നു. ത്രിലോകങ്ങളെയും വെല്ലുവിളിച്ച് ദുഷ്ടതയുടെ മൂര്‍ത്തീരൂപമായി വാണ ദാനവനായിരുന്നു നരകാസുരന്. പഞ്ചപാണ്ഡവര്‍ വനവാസം കഴിഞ്ഞെത്തിയ കഥയും ദീപാവലിയുടെ ഐതിഹ്യമായി പറയുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ ദീപാവലി ഒരു ദിവസത്തെ ആഘോഷങ്ങളില്‍ ഒതുങ്ങുമ്പോള്‍ ഉത്തരേന്ത്യയില്‍ അത് അഞ്ചുനാള്‍ നീളുന്നു.
കാര്‍ത്തികമാസത്തിലെ പതിമൂന്നാംനാളില്‍ ധന്തേരാസ് എന്ന ധന്വന്തരി ത്രയോദശിയോടെ ദീപാവലിക്ക് തുടക്കം. സ്ത്രീകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ധന്തേരാസ്. തൊട്ടടുത്ത നാള് നരകാസുരനെ വധിച്ച നാളായ നാരകചതുര്ഥി. മൂന്നാം നാളില്‍ ലക്ഷ്മീപൂജയോടെ ദീപാവലി. അന്ന് ആഘോഷങ്ങള്‍ അതിന്റെ പരകോടിയിലെത്തുന്നു. വീടൊരുക്കല്‍, രംഗോലിയിടല്‍, മധുരപലഹാരവിതരണം, പുതുവസ്ത്രങ്ങളണിയല്‍, ദീപാലങ്കാരം, പടക്കം, പൂത്തിരി…. എല്ലാം നിറയുന്ന സുദിനം. അതിനടുത്ത നാള് ഗോവര്‍ധനപൂജ. അതുകഴിഞ്ഞ് രക്ഷാബന്ധനു സമാനമായി ഭ്രാത്രിപൂജ നടത്തുന്നതോടെ ഉത്സവത്തിനു സമാപനം.
ആഘോഷങ്ങള്‍ക്കപ്പുറത്ത് പുതുതലമുറയ്ക്ക് മാതൃകയാക്കാന്‍ ദീപാവലി നല്കുന്ന നന്മയുടെ പാഠങ്ങളുമുണ്ട്. വിനയം, നന്മ, ശിക്ഷണബോധം അഥവാ കൃത്യനിഷ്ഠ, ദൈവികത ഇവയുടെയെല്ലാം ആള്‍രൂപമായിരുന്നു രാമന്. സമാരാധ്യന്‍. സര്‍വയോഗ്യന്‍. കുഞ്ഞുനാളിലേ രാമന്റെ സദ്ഗുണങ്ങള്‍ സ്വാംശീകരിക്കണം. രാമവിജയം ആഘോഷമാക്കുമ്പോള്‍ മുതിര്‍ന്നവര്‍ ആ സദ്ഗുണങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം.
കൃത്യനിഷ്ഠ: ദീപാവലി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തില്‍ ഉണരണം. വരും നാളുകളിലും അത് തുടരണം. ആത്മീയവും ബൗദ്ധികവുമായ വളര്‍ച്ചയിലേക്കുള്ള ആദ്യപടിയാണത്. പുലര്‍വേളകളില്‍ ഉണരുന്നത് മാനസിക, ശാരീരിക ഉന്നതിക്കും അഭികാമ്യമാണ്.
നന്മ: ഭഗവാന് കൃഷ്ണന് നരകാസുരനെ വധിക്കുന്നതും രാമന് രാവണനെ നിഗ്രഹിക്കുന്നതും നന്മയ്ക്കു മേല്‍ തിന്മയുടെ വിജയപ്രതീകമാണ്. സത്വരജസ്തമോഗുണങ്ങളുടെ സമന്വയമാണ് മനുഷ്യന്. അവ മൂന്നും പൂര്‍ണമായും മനുഷ്യനില്‍ നിന്ന് എടുത്തുമാറ്റുക അസാധ്യമെങ്കിലും നന്മയുടെ പ്രാധാന്യം കുഞ്ഞുമനസ്സിലേക്ക് പകര്‍ത്തി നല്‍കാം. ചെറുതെങ്കിലും നിത്യേന സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കാം.
ദിവ്യത്വം: ആനന്ദാനുഭൂതികളുടെ സ്രോതസ്സാണ് ദൈവികത. ഓരോ മനുഷ്യനുമുള്ളിലുള്ള ദിവ്യത്വത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ദീപാവലിയില്‍ തെളിയിക്കുന്ന ചെരാതുകള്‍.
പുരാണകഥകള്‍ പറഞ്ഞു കൊടുത്തും പുരാണകഥാപുസ്തകങ്ങള് നല്‍കിയും കുട്ടികളില്‍ ഭക്തി വളര്‍ത്താം. കുലീനതയും വിനയവും ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമര്ഹിക്കുന്നുവെന്നതിന് ഉത്തമോദാഹരണം കൂടിയയായിരുന്നു രാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: