അബുദാബി: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ലോകകപ്പില്‍ ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്കുന്ന വിജയം
ഇന്ത്യ മുന്നോട്ടുവച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കരീം ജന്നത്ത് ആണ് അഫ്ഗാന്റെ ടോപ്പ് സ്കോറര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി.
പവര്‍പ്ലേയില്‍ തന്നെ അഫ്ഗാനിസ്ഥാന്റെ രണ്ട് ഓപ്പണര്‍മാരെയും മടക്കി. മുഹമ്മദ് ഷഹ്സാദിനെ (0) ഷമി അശ്വിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഹസ്റതുള്ള സസായ്യെ (13) ജസ്പ്രീത് ബുംറയുടെ പന്തില്‍ ശര്‍ദ്ദുല്‍ താക്കൂര്‍ പിടികൂടി. മൂന്നാം വിക്കറ്റില്‍ റഹ്മതുള്ള ഗുര്‍ബാസും ഗുല്ബദിന് നയ്ബും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 19 റണ്‍സ് നേടിയ ഗുര്‍ബാസിനെ ജഡേജയുടെ പന്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി അയച്ചു. പിന്നാലെ ഗുല്‍ബദിനെ (18) വിക്കറ്റിനു മുന്നില്‍ കുരുക്കിയ അശ്വിന് നജീബുള്ള സദ്രാന്റെ (11) കുറ്റി പിഴുത് അഫ്ഗാനിസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.
ആറാം വിക്കറ്റില്‍ മുഹമ്മദ് നബി-കരിം ജന്നത്ത് സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ട്് ഉയര്ത്തി്. 35 റണ്‍സ് നേടിയ നബി ഷമി എറിഞ്ഞ 19ആം ഓവറില്‍ സൂര്യകുമാര്‍ യാദവ് പിടിച്ച് പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. അടുത്ത പന്തില്‍ റാഷിദ് ഖാനെ (0) ഹര്‍ദ്ദിക് പാണ്ഡ്യ പിടികൂടി. കരിം ജന്നത്ത് (42) പുറത്താവാതെ നിന്നു.
ഫോമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും മിന്നല്‍ പിണര്‍ ബാറ്റിങ്ങില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്്കോര്‍. ടി 20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍ന്‍സ് നേടി. ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്കോറാണിത്. രോഹിതും (74) രാഹുലും (69) അര്‍ധ സെഞ്ച്വറി കുറിച്ചു. ഋഷഭ് പന്തും (27), ഹാര്‍ദിക് പാണ്ഡ്യയും (35) കീഴടങ്ങാതെ നിന്നു.
ബാറ്റിങ്ങിനയ്ക്കപ്പെട്ട ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും ഗംഭീര തുടക്കം സമ്മാനിച്ചു. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ പേസ് ആക്രണത്തെ അടിച്ചുപരത്തിയ ഇന്ത്യ ഓപ്പണര്‍മാര്‍ ആദ്യ പത്ത് ഓവറില്‍ 85 റണ്‍സ് നേടി. ഒടുവില്‍ ഒന്നാം വിക്കറ്റില്‍ 140 റണ്‍സ് അടിച്ചുകൂട്ടിയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. രോഹിത് ശര്‍മ്മയാണ് ആദ്യം വീണത്. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സറും അടിച്ച രോഹിതിനെ കരീമിന്റെ പന്തില്‍ മുഹമ്മദ് നബി പിടികൂടി. രോഹിതിന് പിന്നാലെ കെ.എല്‍. രാഹുലും പുറത്തായി. രാഹുല്‍ 48 പന്തില്‍ 69 റണ്‍സ് നേടി. ആറു ഫോറും രണ്ട് സിക്സറും അടിച്ചു.
വണ്‍ ഡൗണായി ഇറങ്ങിയ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് നേടി. ഋഷഭ് പ്ന്ത് 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ഫോറും മൂന്ന് സിക്സറും അടിച്ചു. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സ് എടുത്തു. നാലു ഫോറും രണ്ട് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്.
അഫ്ഗാനിസ്ഥാനുവേണ്ടി ഗുല്ബാസിന് നയ്്ബും കരീം ജാനറ്റും ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ അഫ്ഗാനിസ്ഥാന് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിനോട് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇഷാന് കിഷനു പകരം സൂര്യകുമാര്‍ യാദവിനെയും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവിചന്ദ്രന്‍ അശ്വിനെയും ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: