തിരുവല്ല: ശബരിമലയില്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയ 17,000 ലിറ്റര്‍ നെയ്യ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളില്‍ കെട്ടി ഏല്പിക്കുന്നു. പ്രസാദ നിര്‍മാണത്തിന് എത്തിച്ച നെയ്യാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ നിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയത്. ഇത്രയും വലിയ അളവിലുള്ള നെയ്യ് വെറുതെ കളഞ്ഞാല്‍ ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നതിനാല്‍ മറ്റ് ക്ഷേത്രങ്ങളില്‍ വിളക്കുകള്‍ കത്തിക്കാന്‍ എടുക്കണമെന്ന ഉത്തരവാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
ചുറ്റുവിളക്കുകള്‍ അടക്കമുളള പുറംവിളക്കുകള്‍ കത്തിക്കുന്നതിന് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. അതേസമയം പരിശുദ്ധമായ എണ്ണയും നെയ്യും മാത്രം ക്ഷേത്രവിളക്കുകളില്‍ കത്തിക്കണമെന്ന നിര്‍ദ്ദേശം ബോര്‍ഡ് നേരത്തെ നല്കിയിട്ടുള്ളതാണ്. ഇതിന് കടകവിരുദ്ധമായ ഉത്തരവാണ് ബോര്‍ഡ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്.
ഓരോ ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കും ആവശ്യമായ നെയ്യ് സന്നിധാനത്ത് നിന്നും പമ്പയില്‍ എത്തിക്കാന്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവിടെ നിന്നും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍ ഏറ്റുവാങ്ങി ജില്ലാ ആസ്ഥാനത്ത് എത്തിച്ച് അഡ്മിനിസ്ട്രീറ്റീവ് ഓഫീസര്‍മാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യണം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നെയ്യ് മാത്രം പുറം വിളക്കുകള്‍ കത്തിക്കാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. അതേസമയം തന്ത്രിമാരുടെയും മറ്റുള്ളവരുടെയും അഭിപ്രായം മാനിക്കാതെ ബോര്‍ഡ് ഇത്തരത്തില്‍ ഏകപക്ഷീയമായി ഉത്തരവ് ഇറക്കിയതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ശബരിമലയില്‍ മെയിന്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന നെയ്യാണ് ഉപയോഗശൂന്യമായത്. അതേസമയം കൊവിഡ് കാലത്ത് പരിമിതമായ തോതില്‍ മാത്രമാണ് പ്രസാദം തയ്യാറാക്കിയതെന്നും അങ്ങനെ മിച്ചം വന്ന നെയ്യാണ് ഭക്ഷ്യയോഗ്യമല്ലാതായി തീര്‍ന്നതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: