തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു രാത്രി എട്ടുമുതല്‍ പത്തുവരെയും ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെയും മാത്രമേ സംസ്ഥാനത്ത് പടക്കങ്ങള്‍ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ പരിധിയില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിക്കില്ല.
ദീപാവലി ആഘോഷങ്ങള്‍ക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നേരത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ പടക്കങ്ങള്‍ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നന്മയുടേയും സ്നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന് ദീപാവലി സന്ദേശത്തില്‍ പറഞ്ഞു. മാനവികതയുടെ സന്ദേശം ഉയര്‍ത്തി ദീപാവലി ആഘോഷിക്കാന്‍ അദ്ദേഹം എല്ലാ കേരളീയരോടും അഭ്യര്‍ഥിച്ചു.
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആശംസകള്‍ നേര്‍ന്നു. ദീപാവലി പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: