ന്യുദല്‍ഹി: പുതിയ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ദീപാവലി ദിവസം ജമ്മു കശ്മീരില്‍ ചെലവിടും. ജമ്മുകശ്മീരിലെ നൗഷെര സെക്ടറിലെ രജൗറി ഔട്ട് പോസ്റ്റില്‍ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം നവമ്പര്‍ 4 വ്യാഴാഴ്ച ദീപാവലി ആഘോഷിക്കും.
സൈന്യത്തിന് പുതുവീര്യം പകരുക എന്ന ലക്ഷ്യവും മോദിയ്ക്കുണ്ട്. തീവ്രവാദികള്‍ സാധാരണക്കാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ കേന്ദ്രമന്ത്രിമാര്‍ കശ്മീരില്‍ പതിവായി സന്ദര്‍ശിക്കണമെന്ന് മോദി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമിത് ഷാ ഈയിടെ ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. കശ്മീര്‍ ബ്രാഹ്മണരിലും പുറം സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ തൊഴിലെടുക്കാനെത്തുന്നവരിലും ഭീതി പരത്താനുദ്ദേശിച്ചാണ് ഭീകരര്‍ സാധാരണക്കാരെ വധിക്കാന്‍ തുടങ്ങിയത്. കശ്മീര്‍ വിട്ടുപോകാന്‍ ഇവരെ പ്രേരിപ്പിക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.
ഭീകരരെ ഭയന്ന് ഇനിയാരും കശ്മീര്‍ വിട്ടുപോകരുതെന്ന തീരുമാനം മോദിയ്ക്കുണ്ട്. 2014ല്‍ ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്കെത്തിയതുമുതല് മോദി വിവിധ സംസ്ഥാനങ്ങളിലെ ഔട്ട് പോസ്റ്റുകളില്‍ സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലെ ഔട്ട് പോസ്റ്റുകളില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദി ദീപാവലി ആഘോഷിച്ചിട്ടുണ്ട്. ജവാന്മാര്ക്ക് മധുരവും സമ്മാനങ്ങളും നല്‍കിയാണ് മോദിയുടെ ദീവാലിയോഘാഷം. ഇതിന് മുന്‍പ് രജൗറിയില്‍ 2019ലാണ് മോദി ദീവാലി ആഘോഷിക്കാന്‍ എത്തിയിരുന്നത്.
പ്രത്യേകദൗത്യ സംഘം ഇപ്പോഴും രജൗറി, പൂഞ്ച് വനമേഖലകളില്‍ സൈനികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമായി തുടരുകയാണ്. തീവ്രവാദികള്‍ക്കെതിരായ സമരത്തില്‍ നിരവധി പട്ടാളക്കാര്‍ ഈയിടെ കൊല്ലപ്പെട്ടു. ഒരു മൈന്‍ പൊട്ടിത്തെറിച്ച് ഒരു സൈനികോദ്യോഗസ്ഥനും ജവാനും ശനിയാഴ്ച കൊല്ലപ്പെട്ടിരുന്നു.
ലഡാക്ക് സെക്ടറിലാണ് ഇന്ത്യന്‍ സൈനികര്‍ വെല്ലുവിളിനേരിടുന്ന മറ്റൊരു അതിര്‍ത്തി പ്രദേശം. ഇവിടുത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 18 മാസങ്ങളായി സമ്മര്‍ദ്ദമേറുകയാണ്. ചൈനയുടെ ഓരോ അതിക്രമശ്രമങ്ങളും തടയാന്‍ ശ്രമിക്കുകയാണ് സൈനികര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: