ഹൈദരാബാദ്: കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണ്ണായക ജയം നേടി. മുഖ്യന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യുടെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.
ഹുസൂറബാദ് സീറ്റില്‍ നടന്ന മത്സരത്തില്‍ ബിജെപിയുടെ ഏറ്റാല രാജേന്ദര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നേരത്തെ ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ വലംകൈയും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എറ്റാല രാജേന്ദറിനെ മന്ത്രിസഭയില്‍ നിന്നും ചന്ദ്രശേഖര റാവു പുറത്താക്കിയിരുന്നു. ഭൂമി പിടിച്ചെടുത്തുവെന്ന കുറ്റമാരോപിച്ചാണ് അന്തസ്സിലാത്ത രീതിയില്‍ ഏറ്റാല രാജേന്ദറിനെ പുറത്താക്കിയത്. ഇതോടെ അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഹുസൂറബാദ് നിയമസഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നാല് തവണ ഈ മണ്ഡലത്തില്‍ ടിആര്‍എസ് ടിക്കറ്റില്‍ വിജയിച്ച ഏറ്റാല രാജേന്ദര്‍ ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചുകയറുകയായിരുന്നു.
ഇക്കുറി ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച ഗെല്ലു ശ്രീനിവാസ് യാദവിനെ 24,068 വോട്ടുകള്‍ക്കാണ് ഏറ്റാല രാജേന്ദര്‍ പരാജയപ്പെടുത്തിയത്. ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാല്മൂരി വെങ്കട്ട് നര്‍സിംഗ് റാവു ഏറെ പിന്നില്‍ മൂന്നാമതായി. രാജേന്ദ്രറിന് 1,06,780 വോട്ടുകള്‍ ലഭിച്ചു. ഗെല്ലു ശ്രീനിവാസ് യാദവിന് 82,712 വോട്ടുകളെ ലഭിച്ചുള്ളൂ.
വാശിയേറിയ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 86.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ പങ്കെടുത്ത ചടങ്ങില്‍ ബിജെപിയിലേക്ക് മാറിയ ഏറ്റാല രാജേന്ദറും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് ഹുസൂറബാദ് സാക്ഷ്യം വഹിച്ചത്.
ഈ വിജയം ടിആര്‍എസിന് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ബിജെപി വിജയിച്ചതോടെ തെലുങ്കാനയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാകുമെന്നുറപ്പായി. ഇതോടെ ചന്ദ്രശേഖരറാവുവിന്റെ ആധിപത്യത്തിന്‍കീഴില്‍ അമര്‍ഷത്തോടെ കഴിയുന്ന കൂടുതല്‍ വിമത നേതാക്കള്‍ ബിജെപിയിലേക്കേ് വന്നേക്കൂം. വരാനിരിക്കുന്ന നാളുകള്‍ ചന്ദ്രശേഖര്‍ റാവുവിന് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകും.
2020 നവമ്പറില്‍ ഡബ്ബക് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയം നേടിയിരുന്നു. 2020 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസിന് ഏറ്റവും വലിയ വെല്ലുവിളി ബിജെപിയില്‍ നിന്നാകുമെന്ന് ഇതോടെ ഉറപ്പായി.
തെലുങ്കാനയുടെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഹുസൂറബാദില്‍ നടന്നത്. ബിജെപി, ടിആര്‍എസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കള്‍ മുഴുവന്‍ മണ്ഡലത്തില്‍ തമ്പടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: