ബംഗളൂരു : കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തോടെ ബംഗളൂരുവിലെ ചികിത്സാകേന്ദ്രങ്ങളില്‍ ഹൃദയ പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. തങ്ങള്‍ക്കും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന്റെ അവസ്ഥ വരുമോയെന്ന പേടിയിലാണ് ഏറെപ്പേരും. യുവാക്കളാണ്തങ്ങളുടെ ഹൃദയാരോഗ്യം വിലയിരുത്താനായി ആശുപത്രികളിൽ എത്തുന്നത്.
കഴിഞ്ഞ ദിവസം ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ മാത്രമായി രണ്ടായിരത്തോളം ആളുകളാണ് എത്തിയത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൃദയാരോഗ്യ ചികിത്സാകേന്ദ്രമാണ് ഇത്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഏറെപ്പേരും എത്തുന്നത്. പുനീതിന്റെ മരണത്തിന് ശേഷം രോഗികളുടെ തിരക്ക് വര്‍ദ്ധിച്ചതായി ഡോക്‌ടര്‍മാരും പറയുന്നു. പലരെയും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഡോക്‌ടര്‍മാരും പങ്കുവയ്‌ക്കുന്നു.
ദിവസം ഞങ്ങൾ 1000 രോഗികളെയായിരുന്ന ചികിത്സിച്ചിരുന്നത്. ഇപ്പോൾ ദിവസവും ഏകദേശം 1,800 രോഗികൾ വരുന്നുണ്ട്. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി സംവിധാനത്തിനും വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത് -ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു.
കര്‍ണാടകയിലെ പ്രധാനപ്പെട്ട എല്ലാ ചികിത്സാകേന്ദ്രങ്ങളിലെയും അവസ്ഥ ഇതാണ്. കേവലം സംശയത്തിന്റെ പേരില്‍ മാത്രം എത്തുന്നവരാണ് അധികവും. അവരെ പറഞ്ഞുമനസിലാക്കുക എന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും തലവേദന സൃഷ്‌ടിക്കുന്നുണ്ട്. ജിമ്മില്‍ വച്ചുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു നടന്‍ പുനീതിന്റെ മരണം. അതോടെ പലര്‍ക്കും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും പേടിയാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍, അത്തരം പേടികളുടെ ആവശ്യമില്ലെന്നും അമിതമായ വര്‍ക്കൗട്ടുകള്‍ വേണ്ടെന്നും വ്യായാമം നിര്‍ബന്ധമായും ചെയ്യണമെന്നുമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: