ജേക്കബ് തോമസ്
കേരളം സംസ്ഥാനമായിട്ട് 65 വര്‍ഷമാകുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണം നിലവില്‍ വന്നിട്ട് 64 വര്‍ഷവും. പല ഭീഷണികള്‍ ഓരോ കാലത്തും നേരിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിനു നേരെയുയരുന്ന സുരക്ഷാഭീഷണികള്‍. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷിതത്വ ബോധത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചിരിക്കുന്ന ഘടകങ്ങളും വേറിട്ടതാണ്.
രണ്ടായിരം വര്‍ഷം മുമ്പ് റോമാക്കാരും ഈജിപ്തുകാരും അറബികളുമെല്ലാം കച്ചവടത്തിനായി ഇവിടേക്കുവന്നു. സഞ്ചാരികളായി വന്നവരുടെ ലക്ഷ്യം കച്ചവടമായിരുന്നു. അന്നൊക്കെ പുറത്തുനിന്നുവരുന്നവര്ക്കു നല്കാന് ഇവിടെ വിലപിടിപ്പുള്ള വിഭവങ്ങള്‍ ധാരാളമുണ്ടായിരുന്നു. അതില്‍ ആകൃഷ്ടരായവരാണ് വിദേശ നാടുകളില്‍ നിന്നടക്കം ഇവിടേക്കെത്തിയത്. അക്കാലത്ത് കേരളത്തിന്റെ സുരക്ഷിതത്വം നിലനിന്നത് ഈ ഉല്പന്നങ്ങളുടെ ലഭ്യത നിലനിര്ത്തുന്നതിലൂടെയായിരുന്നു. കുരുമുളക്, ഏലം, മഞ്ഞള്‍, ഗുണമേന്മയുള്ള തടികള്‍ തുടങ്ങിയവയായിരുന്നു പ്രധാനം. അതു നഷ്ടപ്പെടുത്തുന്നതൊന്നും ആരും ചെയ്തില്ല. അതിനാല്‍ ചരിത്രാതീതകാലം മുതല്‍ സമ്പന്നമായിരുന്നു ഈ നാട്.
1498ല്‍ വാസ്ഗോഡഗാമ വന്നതിനുശേഷം യൂറോപ്യരടക്കം പല നാടുകളില്‍ നിന്ന് പലരുമെത്തി. ഇതെല്ലാം ഈ നാടിന്റെ ആഭ്യന്തര സുരക്ഷിതത്വത്തെ പലവിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. കച്ചവടത്തിനായി എത്തിയവരുടെ ആധിപത്യം കൂടിയപ്പോള്‍ ആഭ്യന്തര സുരക്ഷിതത്വത്തിന് ബലക്ഷയം വന്നു. ആ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്ന് ടിപ്പുസുല്‍ത്താനെ പോലുള്ളവര്‍ക്ക് കേരളത്തെ ആക്രമിക്കാനും കൊള്ളയടിക്കാനും കൊല്ലാനുമൊക്കെയുള്ള സാഹചര്യമൊരുങ്ങിയത്.
എങ്കിലും പല നാട്ടുരാജ്യങ്ങളും കരുത്തോടെ മുന്നോട്ടു പോയി. അതിനുദാഹരണമാണ് തിരുവിതാംകൂര്‍. ആഭ്യന്തരസുരക്ഷിതത്വത്തിന് ഒരു കുഴപ്പവും ഇല്ലാതിരുന്നതിനാലാണ് തിരുവിതാംകൂര്‍ ദേശത്ത് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സേവനകേന്ദ്രങ്ങളും കലാ സാംസ്കാരിക കേന്ദ്രങ്ങളും തൊഴില്‍ ശാലകളുമെല്ലാം നിലവില്‍ വന്നതും അവയെല്ലാം ഊര്‍ജ്ജസ്വലതയോടെ നിലനിന്നതും.
കേരളപ്പിറവിക്കുശേഷം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ക്ക് ഏകീകൃത സുരക്ഷാ സംവിധാനം നിലവില്‍ വന്നു. സംസ്ഥാനമെന്നനിലയില്‍ ആഭ്യന്തര സുരക്ഷിതത്വം സംസ്ഥാന സര്‍ക്കാരിന്റെ ദൗത്യമായി. പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുകയെന്നത് ഒരു സംസ്ഥാനത്തിന്റെ പരമമായ ദൗത്യവും കര്‍ത്തവ്യവുമാണ്. പോലീസ് എന്ന സംവിധാനമുണ്ടെങ്കിലും അവരുടെ മാത്രം ഉത്തരവാദിത്തമല്ല അത്. നിയമസഭയിലെ നിയമനിര്‍മ്മാണവും കോടതികളുടെ നീതിനിര്‍വ്വഹണവും സാമൂഹ്യനേതാക്കളുടെ നേതൃത്വവുമൊക്കെ അതിന് അനിവാര്യമാണ്. സുരക്ഷയ്ക്ക് വേണ്ടി 64 വര്‍ഷമായി നടന്ന കാലോചിതമായ നിയമനിര്‍മ്മാണങ്ങളും നിയമഭേദഗതികളും പര്യാപ്തമാണോ, ആ നടപടികള്‍ നമ്മുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്നത് വിലയിരുത്തേണ്ട സമയമാണിത്. ജനപ്രതിനിധികള്‍ അവരുടെ കര്‍ത്തവ്യം നിര്വ്വഹിക്കുമ്പോള് കോടതികള്‍ ജീവനും സ്വത്തിനും സംരക്ഷണം നിയമ വ്യവസ്ഥയില്‍ കൂടി ഉറപ്പാക്കുകയും വേണം. ആത്മാഭിമാനത്തോടെ പൗരന് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടത് കോടതികളാണ്.
ആക്രമണങ്ങള്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍, പ്രായമായവര്‍ക്ക് സംരക്ഷണം ലഭിക്കാതിരിയ്ക്കല്, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സുരക്ഷിതത്വം ലഭിക്കാതിരിക്കല്‍, എന്നിങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നമ്മുടെ ആഭ്യന്തര സുരക്ഷിതത്വം ഭീഷണി നേരിടുന്നു. അത്തരം സംഭവങ്ങളിലൂടെ സമൂഹത്തിലാകെ അരക്ഷിതബോധമുടലെടുക്കും. ഇവര്‍ക്കെല്ലാം സുരക്ഷിതത്വം ഒരുക്കാനുള്ള ബാധ്യത പോലീസിനു മാത്രമല്ല. ഇവരെയെല്ലാം സംരക്ഷിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രത്യേകം കമ്മീഷനുകള്‍ നിയമപരമായി സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടണം.
പ്രകൃതിദുരന്തങ്ങള്‍
അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ മറ്റൊരു ആഭ്യന്തര സുരക്ഷാ ഭീഷണിയാണ്. 2004ലെ സുനാമിക്കു ശേഷമാണ് പ്രകൃതി ദുരന്തങ്ങള്‍ വലിയ ഭീഷണിയായി മാറിയത്. 2005ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനായ അതോറിറ്റിക്കാണ് ഇത്തരം ഘട്ടങ്ങളില്‍ പൗരന്റെ സുരക്ഷിതത്വത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ചുമതല. 2017ലെ ഓഖി, 2018ലെ പ്രളയം, പിന്നീട് തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന മഴക്കെടുതികള്‍ തുടങ്ങിയവയെല്ലാം സുരക്ഷിതത്വത്തിന് വലിയ ഭീഷണി സൃഷ്ടിച്ചു. ദുരന്തശേഷം സഹായമെത്തിക്കുന്നതിലും പുനര്‍നിര്‍മ്മാണത്തിലും വരുത്തുന്ന വീഴ്ചകള്‍ സമൂഹത്തിലാകെ അരക്ഷിതബോധം ഉളവാക്കും. സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത നാടാണിതെന്ന ചിന്ത ഉടലെടുക്കുകയും ചെയ്യും. കാലാവസ്ഥാവ്യതിയാനമാണ് പ്രകൃതിയുടെ കോപത്തിന് കാരണമെന്ന് പറയുമ്പോഴും വിവിധ മേഖലകളിലുള്ള അഴിമതികളുടെ പ്രതിഫലനം കൂടിയാണതെന്ന് മറക്കരുത്. കഴിഞ്ഞ ദിവസങ്ങളില്‍ നാം കേട്ടത് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വര്‍ഷങ്ങളായി ഡാമില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ നീക്കിയാല്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്നമാണിത്. അപ്പോള്‍ സംഭരണശേഷി ഇനിയും കൂടും. 50 കൊല്ലമായി ഇടുക്കി ഡാമിലെ എക്കല്‍ നീക്കിയിട്ടില്ല. അലസതയാണ് കാരണം. ഭയാശങ്ക പരത്തുന്നതോടെ ഡാം പൊട്ടുമോ എന്ന ഭീഷണിയിലാകുന്നു ജനങ്ങളാകെ. ഒരു മഴപെയ്താല്‍ വെള്ളത്തിലാകുന്ന നഗരങ്ങളാണ് നമ്മുടേത്. വികലമായ ആസൂത്രണത്തിന്റെ ഫലമാണിത്.
ആരോഗ്യ രംഗത്തെ ഭീഷണികള്‍
കൊവിഡ് കാല ഭീഷണികളില്‍ നിന്ന് നാംഇനിയും മുക്തരായിട്ടില്ല. അര്‍ബുദം, കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങളുമെല്ലാം കൂടിവരികയാണ്. കേട്ടിട്ടില്ലാത്ത പല രോഗങ്ങളും നമ്മെ ആക്രമിക്കുന്നു. തുടരെത്തുടരെയുള്ള രോഗങ്ങള്‍ സമൂഹത്തില്‍ സുരക്ഷിതത്വം ഇല്ലാതാക്കും. ഭക്ഷണം തന്നെയാണ് പ്രധാന പ്രശ്നം. മായം കലര്‍ന്ന ആഹാരവും ഭക്ഷ്യ വസ്തുക്കളും മനുഷ്യരെ രോഗികളാക്കുന്നു. മായം ചേര്‍ക്കുന്നത് തടയാനും വിഷമില്ലാത്ത ഭക്ഷണം ലഭിക്കാനും ഇവിടെ നിയമമുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ല.
സൈബര്‍ സെക്യൂരിറ്റി
സമൂഹ മാധ്യമങ്ങളില്‍ കൂടിയുള്ള ആക്രമണങ്ങള്‍ രാജ്യസുരക്ഷയ്ക്കെന്നതുപോലെ ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പോലും അട്ടിമറിക്കാന്‍ പര്യാപ്തരാണ് ഈ രംഗത്തുള്ള അക്രമികള്‍. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കാനും ജനമനസ്സിനെ വികലമാക്കാനും ആശങ്കപടര്ത്താനുമൊക്കെ ഇവര്‍ക്കാകും. ഇതു തടയാനും നിയമമുണ്ട്. അതും എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട് എന്നത് ചിന്തിക്കണം. ഇന്നത്തെ ഏറ്റവും വലിയ പ്രശ്നവും സൈബര്‍ സുരക്ഷയിലെ വീഴ്ചകളാണ്.
തീവ്രവാദ ഭീഷണി
എഴുപതുകളിലെ നക്സലൈറ്റ് ഭീഷണി കേരളത്തെ പിടിച്ചുലച്ചിട്ടുണ്ടെങ്കിലും വളരെ വേഗം നമുക്കത് അമര്‍ച്ച ചെയ്യാനായി. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും കഴിയാത്ത കാര്യം നമ്മള് അന്നേ നേടി. 90കളില്‍ കശ്മീരില്‍ രൂക്ഷമായ ഇസ്ലാമിക തീവ്രവാദത്തെ ഒരുപരിധിവരെ ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അവിടെനിന്ന് അടിച്ചോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകള്‍ക്ക് അവിടെ തിരികെയെത്താനാകുന്ന തരത്തിലേക്കെത്തി.
കശ്മീരിലുടലെടുത്ത തീവ്രവാദത്തിന് കേരളത്തില്‍ വേരുകളുണ്ടാകുന്നതാണ് വലിയ ഭീഷണി. ഇസ്ലാമിക് സ്റ്റേറ്റിന്റെ അംഗങ്ങളാകാന്‍ കേരളത്തില്‍ നിന്ന് ആണും പെണ്ണും പോകുന്നു. ഒരു പക്ഷേ തീവ്രവാദ പരിശീലനം നേടി ചിലരെങ്കിലും കേരളത്തിലേക്കെത്തിയാല്‍ അതു സൃഷ്ടിക്കാവുന്ന സുരക്ഷാ ഭീഷണി ചെറുതായിരിക്കില്ല. കേരളത്തില്‍ നിന്ന് പോയ സ്ത്രീകളടക്കം പലരും അഫ്ഗാന് ജയിലുണ്ട്. അവര്‍ തിരികെയെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെ തീവ്രവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനറിയാം. ഇപ്പോള്‍ അവര്‍ സ്ലീപ്പിങ് മോഡിലാണെങ്കിലും ഏതവസരത്തിലും അവര്‍ ആക്ടീവ് മോഡിലേക്ക് മാറാം. കേരളത്തിന്റെ പല പ്രദേശങ്ങളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതുമനസ്സിലാക്കാതെ മുന്നോട്ടു പോകുന്നത് വലിയ ആപത്താണ്.
സ്വര്‍ണ്ണക്കടത്ത്, ലഹരിക്കടത്ത്, മണല്‍ക്കടത്ത്, ക്വാറിമേഖല, അതിഥിത്തൊഴിലാളികളെ ഉള്‍പ്പടെ കടത്തുന്ന മനുഷ്യക്കടത്ത് ഇവയില്‍ നിന്നൊക്കെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ കൈകളിലാണെത്തുന്നത്.
പ്രീണന രാഷ്ട്രീയം
കേരളപ്പിറവിക്കുശേഷം അധികാരത്തില്‍ വന്നവരെല്ലാം പലകാലങ്ങളായി വോട്ട് മാത്രം ലക്ഷ്യമിട്ട് പ്രീണന രാഷ്ട്രീയമാണ് തുടരുന്നത്. ഒരു മതത്തിന് മാത്രം മതാധ്യാപനം നടത്താന്‍ നികുതിദായകരുടെ പണം വിനിയോഗിക്കുന്നു. അവര്‍ക്കുമാത്രം എല്ലാ സഹായവും നല്കുന്നു. മതേതരം പ്രസംഗിക്കുന്നവര്‍ ഒരു മതത്തെമാത്രം വഴിവിട്ട് സഹായിക്കുന്നു. വോട്ട് മാത്രമാണിവരുടെ ലക്ഷ്യം. രാഷ്ട്രീയം ഏതായാലും, മതത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടാകുന്നവരുടെ വോട്ട് ലഭിക്കാനാണ് ഇത്തരം പ്രവര്‍ത്തി. ഇത് മറ്റ് മതസ്ഥരുടെ ഇടയില്‍ അസംതൃപ്തിയുണ്ടാക്കുന്നു. സമൂഹത്തില്‍ മതങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും ഇല്ലാതാകുന്നു. അവര്‍ പ്രതികരിച്ചു തുടങ്ങുമ്പോള്‍ ഇല്ലാതാകുന്നത് നാടിന്റെ സുരക്ഷിതത്വമാണ്. വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെ തത്വമാണ് ഇവിടെയും നടപ്പിലാക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് വളര്‍ത്താന്‍ ഭരണാധികാരികള്‍ തന്നെ ശ്രമിക്കുന്നത് അതില്‍ നിന്നു നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യത്തിലാണ്. നൂറു വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരുദേവന് ‘ഒരുജാതി, ഒരുമതം, ഒരു ദൈവം’ എന്ന് ഉപദേശിച്ചു. ഇന്നത്തെ ഭരണക്കാരുടെ മുദ്രാവാക്യം ‘പല ജാതി, പല മതം, പലദേശം’ എന്നായിരിക്കുന്നു.
സദ്ഭരണത്തിലൂടെ പരിഹാരം
നല്ല ഭരണം കാഴ്ചവെയ്ക്കുന്നതിലൂടെ മാത്രമേ കേരളം നേരിടുന്ന ഇത്തരം കാതലായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകൂ. ജനങ്ങളെയാകെ ഒരുപോലെ കാണുന്ന പ്രീണനമില്ലാത്ത ഭരണ സംവിധാനമാണുണ്ടാകേണ്ടത്. ജോലിക്കും വിദ്യാഭ്യാസത്തിനും ജീവിതത്തിനുമെല്ലാം തുല്യാവസരങ്ങള് അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കരുത്. ജനങ്ങളുടെ പക്കല്‍ നിന്ന് ശേഖരിക്കുന്ന നികുതിപ്പണം കൃത്യമായി വിനിയോഗിക്കണം. അഴിമതിയില്ലാതാക്കണം. നല്ല റോഡുകളും പാലങ്ങളും വിദ്യാലയങ്ങളും ആരോഗ്യകേന്ദ്രങ്ങളും വ്യവസായസ്ഥാപനങ്ങളും തൊഴിലിടങ്ങളും ഉണ്ടാകണം. മൂല്യങ്ങളിലൂന്നി നിന്ന് ഭരണം നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നീതി എല്ലാവരിലേക്കുമെത്തും. സുതാര്യമായ സദ്ഭരണം പുലരുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ സുരക്ഷിതരാകുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: