Categories: Kannur

ക്ഷേത്ര സംരക്ഷണ സമിതി കണ്‍വീനര്‍ക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം, കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തം

തുടര്‍ച്ചയായി ക്ഷേത്രത്തില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സംഭവം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംരക്ഷണ സമിതി കണ്‍വീനറായ കെ.പി. സതീശന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ക്ഷേത്രം ഓഫീസിനു മുന്നില്‍ വെച്ച് സതീശന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ഇവരെ തടയുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Published by

കണ്ണൂർ : ക്ഷേത്രത്തിലെത്തിയ ഭക്തരെ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ നേതൃത്വത്തില്‍ അക്രമിച്ചു. മട്ടന്നൂര്‍ മഹാദേവക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം ഭക്തര്‍ക്ക് നേരെ പ്രാകൃതമായ രീതിയില്‍ അക്രമമുണ്ടായത്. മട്ടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രസംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി. സതീശന്‍ (47), കോളാരിയിലെ ജി. ശേഖര്‍(27) എന്നിവരെയാണ് ഇന്നലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച്  ഒരുസംഘം മര്‍ദ്ദിച്ചത്.  

രാവിലെ 11 മണിക്കാണ് സംഭവം. മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ അംഗം സതീശന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് ഇവരെ മര്‍ദ്ദിച്ചത്. പരിക്കേറ്റ കെ.പി. സതീശന്‍, ശേഖര്‍ എന്നിവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ നവരാത്രി ദിവസം മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നേതൃത്വത്തില്‍ ഒരുസംഘം പൂട്ടുപൊളിച്ച് മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രവും ഓഡിറ്റോറിയവും പിടിച്ചെടുക്കുകയും ക്ഷേത്രസമിതി ഓഫീസും അലമാരകളും കുത്തിത്തുറക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തെറ്റായ നടപടിക്കെതിരെ ഭക്തജനങ്ങള്‍ സംഘടിച്ച് മട്ടന്നൂര്‍ ശ്രീമഹാദേവ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ മാസം 25 ന് മട്ടന്നൂരില്‍ വന്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിരുന്നു.  

തുടര്‍ച്ചയായി ക്ഷേത്രത്തില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സംഭവം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംരക്ഷണ സമിതി കണ്‍വീനറായ കെ.പി. സതീശന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ക്ഷേത്രം ഓഫീസിനു മുന്നില്‍ വെച്ച് സതീശന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍  ഇവരെ തടയുകയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

കൈയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.  സംഭവത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴച്ച് ക്ഷേത്രം ഏറ്റെടുത്ത നടപടിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാനും ഭക്തജനങ്ങളെ കള്ളക്കേസില്‍പ്പെടുത്തി പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള കുത്സിത ശ്രമങ്ങളാണ് നടക്കുന്നതെന്നും ആര്‍എസ്എസ് മട്ടന്നൂര്‍ ഖണ്ഡ് കാര്യകാരി ആരോപിച്ചു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക