തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കുന്ന ന്യൂന മര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ആലപ്പുഴ, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന് ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്. കഴിഞ്ഞ ആഴ്ചയാണ് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് അവിടെ നിന്നും പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ന്യൂനമര്‍ദ്ദം ശ്രീലങ്കയ്ക്ക് മുകളിലായി രണ്ട് ദിവസം നിന്ന ശേഷമാണ് ഇപ്പോള്‍ വടക്ക്- പടിഞ്ഞാറ് ദിശയിലായി നീങ്ങി കൊണ്ടിരിക്കുന്നത്. അറബിക്കടലില്‍ എത്തിയ ശേഷം ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചേക്കുമെന്നാണ് പ്രവചനം.
കേരളത്തില്‍ അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിനാലാണ് സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും തുടരും. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: