റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ സൗദി അറേബ്യയിലെ അരാംകോ മൂന്നാം പാദത്തില്‍ ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി മാറി. ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ (ക്യു3) 30.4 ബില്യണ്‍ ഡോളര്‍ അറ്റാദായമാണ് (നെറ്റ് ഇന്‍കം) രേഖപ്പെടുത്തിയത്. കോവിഡ് 19 ന്റെ ക്ഷയത്തോടെ എണ്ണയുടെ ആവശ്യവും വിലയും ഉയര്‍ന്നതോടെയാണ് അരാംകോമിന് ഈ നേട്ടം കൈവരിക്കാനായത്.
അരാംകോ 2019ല്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരുന്നു. അതിനു ശേഷം ടെക്ക് ഭീമന്മാരായ ഗൂഗിള്‍, ആപ്പിള്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ തുടങ്ങിയ പ്രമുഖരെ പിന്നിലാക്കിക്കൊണ്ട് ഏറ്റവും വലിയ ലാഭമാണ് ഇപ്പോള്‍ കമ്പനി നേടിയിരിക്കുന്നത്. 2020 മൂന്നാം പദത്തിലെ അരാംകോയുടെ അറ്റാദായം 11.8 ബില്യണ്‍ ഡോളറായിരുന്നു എന്നാല്‍ ഈ വര്‍ഷത്തില്‍ അത് 30.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് കമ്പനി പറഞ്ഞു.
നികുതിയും മുന്‍ഗണനാ ലാഭവിഹിതവും അടച്ചതിനു ശേഷം അവശേഷിക്കുന്ന തുകയെയാണ് അറ്റവരുമാനം സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 21.7 ബില്യണ്‍ ഡോളറും രണ്ടാം പാദത്തില്‍ 25.5 ബില്യണ്‍ ഡോളറും ലാഭമാണ് അരാംകോ നേടിയത്.
ഇതോടെ 2021 ഒക്ടോബര്‍ 24ന്, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായി സൗദി അറേബ്യ മാറി. മലിനീകരണത്തിലും സൗദിയാണ് ഒന്നാമത്. 2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ആഗ്രഹവും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: