കോട്ടയം: നാനോ നയന്‍സിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ പി.മോഹനന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍വകലാശാല അംഗീകരിക്കാന്‍ തീരുമാനം വൈസ് ചാന്‍സലറുടെ ചേംബറില്‍ കൂടിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, രജിസ്ട്രാര്‍, അധ്യാപകര്‍ എന്നിവരും ദീപ പി. മോഹനന്‍, റോബിന്‍ ജോബ്, മണ്‍സൂര്‍ കൊച്ചുകടവ് എന്നിവരും പങ്കെടുത്തു. സര്‍വകലാശാല ദീപയുമായി നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ മുന്നോട്ടുവച്ച എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിന് സന്നദ്ധമാണെന്ന് ഈ മീറ്റിംഗിലും ഉറപ്പുനല്‍കി.
ഗവേഷണ കാലയളവിലെ എല്ലാ ഫീസുകളും ഒഴിവാക്കി നല്‍കുന്നതിനും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുന്നതിനും ലാബ്, ലൈബ്രറി എന്നിവ പൂര്‍ണ അക്കാദമിക സ്വാതന്ത്ര്യത്തോടെ അനുവദിച്ചുനല്‍കുന്നതിനും സര്‍വകലാശാല സമ്മതം അറിയിച്ചു. സമവായമെന്ന നിലയില്‍ വൈസ് ചാന്‍സലര്‍ തന്നെ ദീപയുടെ ഗൈഡാകാമെന്നും ദീപയ്‌ക്ക് സ്വീകാര്യമായ മറ്റൊരു ഗൈഡിനെക്കൂടി അനുവദിക്കാമെന്നും സര്‍വകലാശാല അധികൃതര്‍ ഉറപ്പുനല്‍കി.
ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കണമെന്ന ദീപയുടെ ആവശ്യം പരിഗണിക്കാന്‍ സാങ്കേതിക തടസമുണ്ടെന്നും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റെയും കേരള ഹൈക്കോടതിയുടെയും വിധിയുള്ളതിനാല്‍ തുടര്‍നടപടിയെടുക്കുന്നതിന് മുമ്പായി കൂടുതല്‍ വിവരശേഖരണവും പഠനവും ആവശ്യമാണെന്നും സര്‍വകലാശാല അധികൃതര്‍ ചര്‍ച്ചയില്‍ അറിയിച്ചു.
ഇതുകൂടാതെ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവര്‍ കമ്മിറ്റിയുടെ 2021 ഒക്ടോബര്‍ 18ന് ചേര്‍ന്ന യോഗം ദീപ പി. മോഹനന് അവരുടെ ഗവേഷണം തുടരുന്നതിന് അനുവാദം നല്‍കുകയും ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് സര്‍വകലാശാലയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ യോഗം ഹൈപ്പവര്‍ കമ്മിറ്റി തീരുമാനങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയും കമ്മിറ്റിയുടെ ഫീസിളവ് എന്ന നിര്‍ദേശത്തിനു പകരം പൂര്‍ണമായും ഫീസ് ഒഴിവാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇത്രയും ആവശ്യങ്ങള്‍ അംഗീകരിച്ചുവെങ്കിലും ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിനിധി സംഘം ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: