ലോകത്തിന്റെ പട്ടിണി മാറ്റാന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കൈയ്യില്‍ കൃത്യമായ പദ്ധതിയുണ്ടെങ്കില്‍ ഐക്യ രാഷ്ട്രസഭയ്ക്ക് 6 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് എലോണ്‍ മസ്ക് അറിയിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണ് ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകന്‍ കൂടിയായ എലോണ്‍ മസ്ക്. മസ്കിന്റെ സമ്പത്തിന്റെ ചെറിയ ഒരു ശതമാനമുണ്ടെങ്കില്‍ ലോകത്തെ പട്ടിണി പരിഹരിക്കാന്‍ സഹായിക്കുമെന്ന പ്രസ്താവനയ്ക്കെതിരെയാണ് മസ്ക് ഐക്യരാഷ്ട്രസഭയെ വെല്ലുവിളിച്ചത്.
മസ്കിന്റെയോ അല്ലെങ്കില്‍ മറ്റ് ശതകോടീശ്വരന്മാരോ അവരുടെ സമ്പത്തിന്റെ രണ്ടു ശതമാനം നല്കിയാല് ആഗോള പട്ടിണി പരിഹരിക്കാന്‍ കഴിയുമെന്ന് എക്യരാഷ്ട്ര സഭ വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മസ്കിന്റെ ഈ പ്രസ്താവന. മസ്കിന്റെ രണ്ടു ശതമാനം സമ്പത്തിന് ലോകത്തെമ്പാടും വിശപ്പനുഭവിക്കുന്ന 42 ദശലക്ഷം ആളുകളെ സഹായിക്കാനാകുമെന്നാണ് ബീസ്ലി അഭിമുഖത്തില്‍ പറഞ്ഞത്.
ആറു ബില്യണ്‍ ഡോളര്‍ ലോകത്തിന്റെ വിശപ്പ് എങ്ങനെ പരിഹരിക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് കൃത്യമായി വിവരിക്കാന്‍ സാധിച്ചാല്‍ താന്‍ ഇപ്പോള്‍ തന്നെ ടെസ്ലയുടെ ഓഹരി വിറ്റു കൊണ്ട് ആ തുക നല്‍കാമെന്ന് ബീസ്ലിയ്ക്ക് മറുപടിയായി മസ്ക് ട്വിറ്ററില്‍ കുറിച്ചു. ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് പൊതുജനങ്ങള്‍ കൃത്യമായി അറിയേണ്ടതുണ്ട് അതിനാല്‍ ഈ ഫണ്ടിന്റെ വിനിയോഗം തീര്‍ത്തും സുതാര്യമായിരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോകത്തിന്റെ വിശപ്പ് പരിഹരിക്കാന്‍ ആറു ബില്യണ്‍ മതിയെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഈ പട്ടിണി പ്രതിസന്ധിയില്‍ 42 ദശലക്ഷം ആളുകളുടെ ജീവന് രക്ഷിക്കാനുള്ള സംഭാവനയായിട്ടാണ് അതിനെ ഞങ്ങള്‍ കാണുന്നത്. 2020ല്‍ 115 ദശലക്ഷം ആളുകളിലേക്ക് ഭക്ഷണ സഹായവുമായി എത്താന്‍ ഞങ്ങള്‍ക്ക് 8.4 ബില്യണ്‍ ആവശ്യമായിരുന്നു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ കാരണം ഞങ്ങള്‍ക്ക് നിലവിലുള്ള ഫണ്ടിങ് കൂടാതെ ഏകദേശം ആറു ബില്യണ്‍ കൂടി ആവശ്യമാണ്.’ മസ്കിനു മറുപടിയായി ബീസ്ലി ട്വിറ്ററില്‍ കുറിച്ചു.
മസ്കിന്റെ ഈ പ്രസ്താവന ലോകത്തിന് ഒന്നാകെ പ്രതീക്ഷയേകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: