മണ്ണാര്‍ക്കാട്: ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തിയ 205 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ ടൗണില്‍ നിന്നും മോഷണം പോയ ലോറിയെ പിന്തുടര്ന്നുള്ള അന്വേഷണമാണ് കഞ്ചാവ് മാഫിയ സംഘത്തിലെത്തിയത്.
മോഷ്ടിച്ച ലോറികളെ രൂപമാറ്റം വരുത്തി ഒഡീഷയില്‍ നിന്നും കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന കോയമ്പത്തൂര്‍ സംഘത്തെക്കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, സിഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂര്‍ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ്(25), കുനിയംപുത്തൂര്‍ സ്വദേശി മുരുകേശന്(48), ആലുവ സ്വദേശി പുത്തന്മാളിയേക്കല് നൗഫല്‍ എന്ന നാഗേന്ദ്രന് (48) എന്നിവരെ പെരിന്തല്‍മണ്ണ എസ്ഐ സി.കെ. നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.
ആഗസ്ത് ഏഴിനാണ് പെരിന്തല്‍മണ്ണ സവിത തിയേറ്ററിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ആഷിഖിനെ തിരിച്ചറിഞ്ഞത്. കാറില്‍ വരികയായിരുന്ന ആഷിഖിനെയും, നൗഫലിനെയും സിഐ സുനില്‍ പുളിക്കല്‍, എസ്ഐ: സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘം പിന്തുടര്ന്ന് കോയമ്പത്തൂര്‍ സേലം ഹൈവേയില്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതില്‍ ലോറി മോഷണത്തെക്കുറിച്ചും, കഞ്ചാവ് കടത്ത് സംഘത്തെക്കുറിച്ചും വിവരം ലഭിച്ചു. കോഴിക്കോട്ടേക്ക് വരികയായിരുന്ന കഞ്ചാവ് ലോറിക്ക് എസ്കോര്‍ട്ടായി കാറില്‍ വരുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പിന്നീട് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നിന്ന് ലോറിയും പിടികൂടി.
മുഖ്യപ്രതി മുഹമ്മദ് ആഷിഖ് തൃശ്ശൂര്‍ പട്ടിക്കാട് നിന്നും ലോറി മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. നൗഫലിനെതിരെ ആലത്തൂര്‍ സ്റ്റേഷനിലും, തിരുവല്ല എക്സൈസിലും സ്പിരിറ്റ്, കള്ളക്കടത്ത് കേസുകളും തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ്കുമാര്‍, സിഐ: സുനില്‍ പുളിക്കല്‍, എസ്ഐ സി.കെ. നൗഷാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരന്, പി.എസ്. ഷിജു, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, പ്രശാന്ത്, സജീര്‍, കെ. ദിനേഷ്, കബീര്‍, പ്രബുല്‍, സുഭാഷ്, ഷാലു, മുഹമ്മദ് ഫൈസല്‍, ബൈജു എന്നിവരാണ് പഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: