പാലക്കാട്: നെല്ലിന്റെ സംഭരണ വില കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കിസാന്‍ മോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും, നെല്ല് കൊട്ടി പ്രതിഷേധവും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും, സിവില്‍ സപ്ലൈസ് മന്ത്രിയും, കൃഷിമന്ത്രിയും നെല്ലിന്റെ താങ്ങുവില കിലോക്ക് 28.72 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് 72 പൈസ വെട്ടിക്കുറക്കുകയും ചെയ്തത് കര്‍ഷകവഞ്ചനയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കര്‍ഷകര്‍ക്ക് കേന്ദ്രം നല്കുന്ന ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും, നബാര്‍ഡിലൂടെ നാല് ശതമാനം പലിശക്ക് നല്കുന്ന പണം സംസ്ഥാനത്ത് സഹകരണ ബാങ്കിലൂടെ 15 ശതമാനം വരെ പലിശക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനക്കെതിരെ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കിസാന്‍ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ. വേണു അധ്യക്ഷതവഹിച്ചു. കളക്ടറേറ്റിന് മുന്നില്‍ നെല്ല് കൊട്ടി അളന്നാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രന്, ഭാരവാഹികളായ എ.സി. മോഹനന്, വി.വി. രാമചന്ദ്രന്, അരുള്‍കുമാര്‍ നല്ലേപ്പുള്ളി, എ. പ്രഭാകരന്, ഗോപി കൊടുവായൂര്‍, കെ.എസ്. സന്തോഷ്, പി. ഭാസി എന്നിവര്‍ നേതൃത്വം നല്കി.
ഈ സീസണ് മുതല്‍ നെല്ല് കിലോയ്ക്ക് 28.72 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര് അനില്‍ കഴിഞ്ഞ ആഗസ്ത് 26ന് പാലക്കാട് പ്രഖ്യാപിച്ചത് കേരള സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ദേശീയ കര്‍ഷക സമാജം കളക്ട്രേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് എ. പ്രഭാകരന് പ്രസ്താവിച്ചു. ഇത് മാറ്റാനുള്ള സാഹചര്യവും ഇപ്പോഴില്ല. നെല്‍കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ നെല്ലിന്റെ സംഭരണ വില ഉയര്‍ത്തുന്നതിന് പകരം 72 പൈസ വെട്ടിക്കുറിച്ച് 28 രൂപയാക്കിയത് അംഗീകരിക്കാനാവില്ല. കേന്ദ്രം വര്‍ധിപ്പിച്ച 72 പൈസ അടക്കം ഇപ്പോള്‍ കേന്ദ്രത്തിന്റെ വില 19.40 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 52 പൈസയും നേരത്തെ നല്‍കിയിരുന്ന 8.80 രൂപയില്‍നിന്ന് 20 പൈസയും കുറച്ച് 28 രൂപയാക്കിയ നടപടി നെല്‍കര്‍ഷകരോട് കേരള സര്‍ക്കാര്‍ കാണിച്ച വഞ്ചനയാണെന്ന് ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ നെല്‍കൃഷിയുടെ വിസ്തൃതി കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഒരു കാരണവശാലും വകുപ്പ് മന്ത്രി പ്രഖ്യാപിച്ച 28.72രൂപയില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്നിലേക്ക് പോവരുതെന്നും പ്രഖ്യാപനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. പി.ആര്. ഭാസ്കരദാസ്, കേരള കോണ്‍ഗ്രസ് (എം) ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്. സുരേഷ്, സി.എസ്. ഭഗവല്‍ദാസ്, കെ.എ. രാമകൃഷ്ണന്, പി.വി. ചാമുക്കുട്ടന്‍, എസ്. അതിരഥന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: